കൈയിലെ മുറിവ് പെൺസുഹൃത്തുമായുള്ള തർക്കത്തിനിടയിൽ: മർദ്ദനമേറ്റാണ് മരിച്ചതെന്ന് പൊലീസ്

കൊച്ചി: ആൾകൂട്ടവിചാരണയിൽ അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ആരോപണം. സംഭവം അറിഞ്ഞിട്ടും പോലീസ് എത്താൻ വൈകിയെന്നും ആരോപണം ഉയർന്നു. അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് നെഞ്ചിലും തലയിലും മർദ്ദനമേറ്റാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ അശോക് ദാസിനെ മർദിച്ചിട്ടില്ലെന്ന് നാട്ടുകാർ.

സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത പത്തുപേരിൽ സിപിഐയുടെ മുൻ പഞ്ചായത്തംഗവും ഉൾപ്പെടുന്നു. ഇന്നലെയാണ് അശോക് ദാസ് (26) ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെടുന്നത്. വാളകത്ത് ഹോട്ടലിൽ അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിനെ കാണാൻ വൈകിട്ട് അവരുടെ താമസസ്ഥലത്ത് എത്തിയതായിരുന്നു ഇയാൾ.

എൽഎൽബിക്ക് പഠിച്ചിരുന്ന മറ്റൊരു പെൺകുട്ടിയും ഈ യുവതിക്കൊപ്പം ഇവിടെ താമസിച്ചിരുന്നു. ഇവർ രാമമംഗലം സ്വദേശികളാണെന്നും അതല്ല, തിരുവാണിയൂർ സ്വദേശികളാണെന്നും പറയപ്പെടുന്നു. ഇവരുടെ വീട്ടിൽ വച്ച് അശോക് ദാസ് മദ്യപിച്ചു എന്ന് പൊലീസ് പറയുന്നു.

പിന്നീട് അശോകിന്റെ സുഹൃത്തായ യുവതി ഹോട്ടലിലേക്ക് പോയെങ്കിലും ഏഴരയോടെ തിരിച്ചെത്തി. വീട്ടിലുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് നിരന്തരം വിളിച്ചതോടെയാണ് സുഹൃത്ത് തിരിച്ചു വന്നതെന്ന് പൊലീസ് പറയുന്നു. വരുമ്പോൾ വീട്ടിലുണ്ടായിരുന്ന പെൺകുട്ടി കുളിമുറിയിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു.

ഇതിന്റെ പേരിൽ അശോക് ദാസും പെൺസുഹൃത്തുമായി തർക്കമുണ്ടായെന്നും താൻ തെറ്റുകാരനല്ലെന്ന് പറഞ്ഞ് ഇയാള്‍ ജനൽച്ചില്ല് ഇടിച്ചു പൊട്ടിക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ ഭാഷ്യം. കൈക്ക് പരുക്ക് പറ്റുന്നത് ഇങ്ങനെയാണ്. പിന്നീട് ഇവിടെ നിന്ന് ഇറങ്ങിയോടി.

വീടുകൾക്ക് സമീപം കൈയിൽ ചോരയൊലിപ്പിച്ച നിലയിൽ കണ്ട ഇയാളോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഓടിപ്പോവുകയായിരുന്നെന്ന് നാട്ടുകാരും അയൽ വീടുകളിലുള്ളവരും പറയുന്നു. ഇയാൾക്ക് നാട്ടുകാർ പിടികൂടുന്നതു വരെ ഈ പരുക്ക് മാത്രമേ ഇയാൾക്ക് ഉണ്ടായിരുന്നുള്ളൂ എന്നും പറയപ്പെടുന്നു.

ഓടിപ്പോയ ഇയാൾക്ക് പിന്നാലെ സ്ഥലത്ത് പിന്തുടരുകയും ഇതിനിടയിലാണ് മർദനമേറ്റതെന്നും കരുതുന്നു. ഇയാളെ പിടികൂടാൻ നേതൃത്വം നൽകിയവരിൽ ചിലരും ഈ സമയത്ത് മദ്യപിച്ചിരുന്നതായി സൂചനകളുണ്ട്. തൂണിൽ പിടിച്ചു കെട്ടിയിടുന്നതിനിടയിലാണ് കൂടുതൽ മർദനമേറ്റത്. രാത്രി ഒമ്പതരയോടെ പൊലീസിനെ അറിയിച്ചെങ്കിലും വൈകിയാണ് ഇവർ സ്ഥലത്തെത്തിയത് എന്ന് നാട്ടുകാർ പറയുന്നു. ചോരയൊലിപ്പിച്ചിരിക്കുന്ന ഇയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിയെന്നും നാട്ടുകാർ ആരോപിക്കുന്നു.

Read also :ബോംബ് രാഷ്ട്രീയത്തിനെതിരെ പാനൂരിൽ യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര