തൃശ്ശൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സുകളിൽ മുതിർന്ന പൗരന്മാർക്ക്, ഭിന്നശേഷിക്കാർക്ക് എന്നിങ്ങനെ സ്റ്റിക്കർ പതിച്ച സീറ്റുകൾ പൊല്ലാപ്പാകുകയാണ്. ആർക്കും ഈ സീറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാമെന്നതാണ് ആശയക്കുഴപ്പത്തിനും ബസ്സിൽ യാത്രക്കാർ തമ്മിൽ തർക്കത്തിനും വഴിവെക്കുന്നത്.
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർ ഇടക്കുള്ള സ്റ്റോപ്പുകളിൽ നിന്ന് കയറുമ്പോൾ നേരത്തെ കയറിയ മുതിർന്ന പൗരന്മാർ ആ സീറ്റുകളിൽ ഇരിപ്പുണ്ടാകും. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് സീറ്റ് കൊടുക്കണം എന്ന് നിർദ്ദേശിക്കുന്ന കണ്ടക്ടർമാർക്ക് പിന്നെന്തിന് സ്റ്റിക്കർ എന്ന ചോദ്യത്തിന് ഉത്തരവുമില്ല.
ഡ്രൈവർക്ക് പിന്നിലായുള്ള മൂന്നു സീറ്റുകളുള്ള ഒരു നിര സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തത് ഓൺലൈൻ ബുക്കിങ്ങിലും അങ്ങനെ തന്നെ കാണാം. അതല്ലാതെ മറ്റൊരു സംവരണവും ദീർഘദൂര ബസ്റ്റുകളിൽ അനുവദിച്ചിട്ടില്ലെന്നാണ് കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന വിവരം.