മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ബീഫ്. ബീഫ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. രുചിയിൽ മാത്രമല്ല ഗുണത്തിലും കേമനാണ് ബീഫ്. നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന ഹീം അയൺ ബീഫിൽ ധാരാളമുണ്ട്. ഇതു വിളർച്ച(അനീമിയ) തടയാൻ സഹായിക്കും. ഇതിനായി മിതമായ അളവിൽ ബീഫ് കഴിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും. കൊളസ്ട്രോൾ ഉള്ളവർ ബീഫ് സൂക്ഷിച്ചുവേണം കഴിക്കാൻ. ബീഫിൽ കൊളസ്ട്രോൾ അളവ് കൂടുതലാണ്.
ബീഫ് ഉപയോഗിച്ച് ഒരു കട്ലറ്റ് ഉണ്ടാക്കാം
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ബീഫ്: 400 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത്: അര ടീസ്പൂൺ
- മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
- കുരുമുളക് പൊടി: അര ടീസ്പൂൺ
- ഗരം മസാല : കാൽ ടീസ്പൂൺ
- ഉപ്പ്
- കിഴങ്ങ് : നാല്
- സവാള : രണ്ട്
- പച്ചമുളക് : മൂന്ന്
- ഇഞ്ചി : ചെറിയ കഷണം
- വെളുത്തുള്ളി : നാല്
- കശ്മീരി മുളകുപൊടി : കാൽ ടീസ്പൂൺ
- മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
- ഗരം മസാല: കാൽ ടീസ്പൂൺ
- കുരുമുളക് പൊടി : അര ടീസ്പൂൺ
- മല്ലിയില
- ഉപ്പ്
- ബ്രെഡ് പൊടി
- മുട്ട
- ഓയിൽ
തയ്യാറാക്കുന്ന വിധം
ബീഫ്, ഇഞ്ചി, വെളുത്തുള്ളി ചതച്ചതും, മഞ്ഞൾ, കുരുമുളക് പൊടി, ഗരം മസാല ഉപ്പും ചേർത്തുകുഴച്ച് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. വേവിച്ച ബീഫ് വെള്ളം ഒട്ടുമില്ലാതെ വറ്റിച്ചെടുക്കണം.
പാനിൽ കുറച്ചു ഓയിലൊഴിച്ചു സവാള നന്നായി വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്തു നന്നായി വാടി വരുമ്പോൾ മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളക് (എരുവിന് അനുസരിച്ചു), ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക.
അതിലേക്ക് വേവിച്ച ബീഫ് ചതച്ചെടുത്തതിനു ശേഷം കൂട്ടിലേക്ക് നന്നായി യോജിപ്പിക്കുക. അവസാനം വേവിച്ചു ഉടച്ചുവെച്ച കിഴങ്ങും കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്തു നന്നായി മിക്സ് ചെയ്തതെടുക്കുക. ചൂട് മാറിയതിനുശേഷം ഓരോ ചെറിയ ഒരുളകളായി എടുത്ത് നമുക്ക് ഇഷ്ടമുള്ള ഷേപ്പ് തയാറാക്കി വെക്കുക. ഈ കട്ലറ്റ് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് പൊടിയിൽ കവർ ചെയ്തു നല്ല ചൂട് എണ്ണയിൽ പൊരിച്ചെടുക്കാം.
Read also: ചീസും ചിക്കനും കൂടെ ഉരുളകിഴങ്ങുമുണ്ടെങ്കിൽ അടിപൊളിയും ഹെൽത്തിയുമാമായ ഒരൈറ്റം ഉണ്ടാക്കാം