ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർഥി എ. എം. ആരിഫ് എംപിയുടെ പേരില്‍ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വോട്ടു ചോദിക്കാനെത്തിയ ആരിഫിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇന്നത്തെ ഫാക്ട് ചെക്കിലൂടെ നമ്മൾ പരിശോധിക്കുന്നത് ഈ വീഡിയോയുടെ സത്യാവസ്ഥയാണ്.
“5 വര്‍ഷമായി മണ്ഡലത്തില്‍ തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ചു ആലപ്പുഴ എത്തിയ ആരിഫ് എം പി യെ പൊതുജനം ചെരുപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു.” എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനൊപ്പമാണ് വീഡിയോ പ്രചരിക്കുന്നത്.
എന്താണ് ഈ പറയുന്നതിലെ വാസ്തവം എന്ന് അറിയണമെങ്കിൽ ആദ്യം എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമോ വാക്കുതർക്കമോ നടന്നിട്ടുണ്ടോ എന്ന് അറിയണം. എന്നാൽ അത്തരത്തിലുള്ള വാർത്തകളൊന്നും എവിടെയും വന്നിട്ടിട്ടില്ല. എന്നാൽ, ഇതേ വീഡിയോയുടെ കുറച്ചുകൂടി ദൈര്‍ഘ്യമേറിയ പതിപ്പ് ഫേസ്ബുക്കില്‍ ചിലര്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.
ആ വീഡിയോ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് എന്‍കെപി ബ്രിഗേഡ്സ് ( NKP Brigades ) എന്ന പേജില്‍ പങ്കുവച്ച വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നത് എം.നൗഷാദ് എംഎല്‍എയ്‌ക്കെതിരെ കൊല്ലത്ത് നടന്ന പ്രതിഷേധം എന്നാണ്.
59 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ ഒന്നിന് ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ എം നൗഷാദ് എംഎല്‍എയുടെ പേര് പറയുന്നുണ്ട്. വീഡിയോയിലെ ദൃശ്യങ്ങൾ വ്യക്തമല്ല. എങ്കിലും വീഡിയോയുടെ 36-ാം സെക്കന്റില്‍ എം.നൗഷാദ് എംഎല്‍എയെ കാണാം.
കൂടുതൽ പരിശോധനയിൽ ഒരു ഔദ്യോഗിക മാധ്യമ ചാനലിൽ ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരിച്ച സംവാദ പരിപാടിയുടെ വീഡിയോയിൽ “നൗഷാദ് എംഎല്‍എ ഇപ്പോള്‍ ഞങ്ങളുടെ കൂടെ വരണം, മറുപടി തരണം” എന്ന തലക്കെട്ടില്‍ നല്‍കിയിട്ടുള്ള വീഡിയോ ലോക്‌സഭാ ഇലക്ഷനോടനുബന്ധിച്ച് സംഘടിപ്പിപ്പിച്ച പ്രത്യേക സംവാദപരിപാടിയില്‍ നിന്നുള്ളതാണ്.
ഒരു സ്ത്രീയുടെ സംഭാഷണമാണ് വിഡിയോയിൽ കേൾക്കുന്നത്… “ഞാന്‍ കൊല്ലം മുണ്ടയ്ക്കലില്‍ നിന്ന് വരികയാണ്. നൗഷാദ് എംഎല്‍എ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് വന്നതാണ്. രണ്ടുമൂന്ന് ദിവസം കൊണ്ട് ഞങ്ങളുടെ തീരം കടലെടുത്ത് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്.
ഇന്ന് രാവിലെ ഞങ്ങള്‍ അവിടെ ഉപരോധം നടത്തി. അതായത്, കൊല്ലം ബീച്ചിലോട്ട് വണ്ടി പോലും കടക്കാത്ത രീതിയിലാണ് ഉപരോധിച്ചത്. ഞങ്ങളുടെ എംഎല്‍എയാണ് നൗഷാദ്, അവിടെ പ്രേമചന്ദ്രന്‍ വന്നു, ബിജെപിയുടെ സ്ഥാനാര്‍ഥി വന്നു. എന്നാല്‍ മുകേഷ് വന്നില്ല, ഞങ്ങളുടെ ഇരവിപുരം എംഎല്‍എ നൗഷാദ് അവിടെ വന്നില്ല.
ഇവര്‍ എന്തുകൊണ്ട് അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. കുട്ടികളുമായി താമസിക്കുന്നവരാണ് ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങളുടെ കൂടെ എംഎല്‍എ വരണം, അവിടെ വന്ന് എന്തെങ്കിലും നടപടി എടുത്തേ പറ്റു…” എന്നാണ് വീഡിയോയില്‍ കാണുന്ന വനിത സംസാരിക്കുന്നത്.
സംവാദ പരിപാടിയുടെ ദൈര്‍ഘ്യമേറിയ പതിപ്പില്‍ തീരദേശവാസികളുടെ ചോദ്യത്തിന് എം.നൗഷാദ് എംഎല്‍എ മറുപടി പറയുന്നുണ്ട്. പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കാനുള്ള നടപടി, പുനര്‍ഗേഹം പദ്ധതി വഴി പണം ലഭ്യമാക്കുന്നതിനുള്ള നടപടി എന്നിങ്ങനെ കടല്‍ക്ഷോഭത്തിനെതിരെയുള്ള പരിഹാരമാര്‍ഗങ്ങള്‍ എത്രയും വേഗത്തില്‍ ചെയ്യുമെന്ന് അറിയിച്ച എംഎല്‍എ കടല്‍ക്ഷോഭമുണ്ടായ സ്ഥലം സന്ദര്‍ശിക്കുമെന്നും പറയുന്നുണ്ട്. വീഡിയോയുടെ പ്രസക്തഭാഗം താഴെ കാണാം.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എ. എം. ആരിഫ് എംപിയെ ആലപ്പുഴയില്‍ ജനങ്ങൾ തടയുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ കൊല്ലത്ത് നടത്തിയ പരിപാടിയില്‍ ഇരവിപുരം എംഎല്‍എ എം.നൗഷാദിനെതിരെ തീരദേശവാസികള്‍ പ്രതിഷേധിക്കുന്നതാണ്. ഈ വീഡിയോയുമായി എ. എം. ആരിഫ് എംപിക്ക് യാതൊരു ബന്ധവുമില്ല.