കപ്പ കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് കേരളീയർ. ബ്രസീലിൽ നിന്നും കേരളത്തിലേക്ക് കുടിയേറി കേരളക്കരയുടെ പ്രിയ ഭക്ഷണമായി മാറിയ ഒന്നാണ് കപ്പ. മലയാളികളുടെ പ്രിയപ്പെട്ട ഈ വിഭവത്തിന് ഔഷധ ഗുണമേറെയുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണിത്. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ. നിരവധി ആരോഗ്യഗുണങ്ങളുള്ള കപ്പയാണെങ്കില് നമ്മുടെ നാട്ടില് സുലഭമായി ലഭിക്കുകയും ചെയ്യും എന്നുള്ളതാണ്. കപ്പ ഉപയോഗിച്ച് വെറൈറ്റി പരീക്ഷിക്കാത്തവരായി ആരുമില്ല, ഇന്നിതാ പാൽകപ്പയാണ് താരം.
തയ്യാറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്
ആവശ്യമായ ചേരുവകൾ
- പാൽകപ്പ ബീഫ് റോസ്റ്റ്
- കപ്പ-1കിലോ
- ഉപ്പ്-ആവശ്യത്തിന്
- തേങ്ങാപ്പാൽ-1കപ്പ്
- കൊച്ചുള്ളി-4 എണ്ണം
- വെളുത്തുള്ളി-2 അല്ലി
- കറിവേപ്പില-ആവശ്യത്തിന്
- വെളിച്ചണ്ണ-ആവശ്യത്തിന്
- കടുക്, വറ്റൽ മുളക് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
കപ്പ ചെറുതായി മുറിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് കപ്പ മുങ്ങി നിൽക്കുന്നത്ര വെള്ളത്തിൽ അടച്ചു വെച്ച് വേവിക്കുക. കപ്പ നന്നായി വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിയെടുക്കുക. അതിലേക്ക് നാല് ചെറിയ ഉള്ളിയും, രണ്ട് വെളുത്തുള്ളിഅല്ലിയും, രണ്ട് പച്ചമുളകും, കുറച്ച് കറിവേപ്പിലയും ചതച്ചിടുക. ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കുറുക്കിയെടുക്കുക. ഇനി ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടായിവരുമ്പോൾ കടുകും അരിഞ്ഞുവെച്ച കൊച്ചുള്ളിയും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ചെടുത്ത് വേവിച്ചുവെച്ച പാൽകപ്പയിലേക്ക് ചേർത്ത് യോജിപ്പിക്കുക. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പാൽകപ്പ റെഡിയായി.