ചീസ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം, സോഡിയം, മിനറല്‍സ് , വിറ്റാമിന്‍ ബി12 , സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. എന്നാല്‍ കൊഴുപ്പും ഉപ്പും ചീസില്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ ചീസ് കഴിക്കുന്നതായിരിക്കും ഉത്തമം. ദിവസവും കൂടിയ അളവില്‍ ചീസ് കഴിക്കുന്നത് കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിക്കുന്നതിനും അതുവഴി ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
തയ്യറാക്കാനെടുക്കുന്ന സമയം: 45 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ബിസ്കറ്റ് – 12 – 15
- പഞ്ചസാര – 2 ടേബ്ൾ സ്പൂൺ
- ഉപ്പില്ലാത്ത വെണ്ണ – 4 ടേബ്ൾ സ്പൂൺ
- ക്രീം ചീസ് – 1 പാക്കേജ് (230 ഗ്രാം)
- പഞ്ചസാര – 5 ടേബ്ൾ സ്പൂൺ
- മുട്ട – 1
- വിപ്പിങ് ക്രീം – 3 ടേബ്ൾ സ്പൂൺ
- വാനില എസൻസ് – ½ ടീസ്പൂൺ
- സ്ട്രോബെറി ജാം, സ്ട്രോബെറി(അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും ജാം) – 1/4 കപ്പ്
തയാറാക്കുന്ന വിധം
ഫുഡ് പ്രോസസറിൽ പഞ്ചസാര ചേർത്ത് ബിസ്കറ്റ് പൊടിക്കുക. ഇതിലേക്ക് ഉരുക്കിയ വെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കുക. വെണ്ണകൊണ്ട് ഒരു മിനി ചീസ് കേക്ക് പാൻ ഗ്രീസ് ചെയ്യുക. ചീസ് കേക്കിനുള്ള ബേസ് ഉണ്ടാക്കാൻ ബിസ്കറ്റ് മിശ്രിതം ഉപയോഗിച്ച് മിനി ചീസ് കേക്ക് പാനിൽ ചെറിയ ലെയർ ആക്കി, ബിസ്കറ്റ് മിക്സ് ചെറുതായി അമർത്തുക. 200 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ ഏകദേശം 5-6 മിനിറ്റ് ബേക്ക് ചെയ്യുക.
ഒരു മിക്സിങ് ബൗളിൽ, ക്രീം ചീസ്, പഞ്ചസാര, മുട്ട, വിപ്പിങ് ക്രീം, വാനില എസൻസ് എന്നിവ നന്നായി അടിച്ചെടുക്കുക (വിപ്). ക്രീം ചീസ് മിശ്രിതം ബേക്ക് ചെയ്ത ബിസ്കറ്റ് ബേസിൽ നിറക്കുക. വീണ്ടും ഓവൻ 180 ഡിഗ്രി വരെ ചൂടാക്കി ചീസ് കേക്ക് ഏകദേശം 20 – 25 മിനിറ്റ് ബേക്ക് ചെയ്യുക. ഇത് ചീസ് കേക്കുകൾ പാനിൽനിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് ഏകദേശം 2-3 മണിക്കൂർ ഫ്രിഡ്ജിൽ തണുപ്പിക്കുക. സ്ട്രോബെറി ജാമും സ്ട്രോബെറിയും ടോപ് ചെയ്ത് വിളമ്പുക.