അതൊരു സഹനത്തിന്റെ കഥ കൂടിയാണ് പറഞ്ഞു തരുന്നത്. കേരളത്തിന്റെ കഴുത്തോളം പ്രളയജലം ഇരച്ചു കയറിയപ്പോള്‍ ഓരോ മനുഷ്യരും ഓരോ തുരുത്തുകളായി മാറിക കാലം. അന്ന് പ്രളയ കാലത്തെ ഹീറോയായി മാറിയ ജൈസലിനെ ഓര്‍മ്മയില്ലേ. 2019ലെ പ്രളയകാലത്തല്ല, 2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്.
കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ ജൈസലിന് അതിന്റെ പേരില്‍ കാറും വീടുമൊക്കെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ജൈസലിനെ കുറിച്ച് കേള്‍ക്കുന്ന കഥ തലതിരിഞ്ഞതായിരുന്നു. മോഷണവും, പിടിച്ചു പറിക്കലുമൊക്കെയായി സാമൂഹ്യ വിരുദ്ധനായ ജൈസല്‍ പിന്നീട് പോലീസിന്റെ തലവേദനയാവുകയായിരുന്നു. അങ്ങനെ പോലീസ്റ്റേഷനും ജയിലുമൊക്കെയായി ജൈസല്‍ എന്ന പ്രളയകാലത്തെ ഹീറോ ബിഗ് സീറോ ആയിരിക്കുകയാണ്.
ഇതാ ഇപ്പോള്‍ ജൈസല്‍ വീണ്ടും അറസ്റ്റിലായിരിക്കുകയാണ്. ഇത്തവണ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നു പേര് നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് ജൈസലിനെ പിടിക്കുന്നത്. ജൈസല്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണ്ണം തട്ടിയെടുക്കല്‍ കേസില്‍ ഉള്‍പ്പെട്ടതോടെ ജൈസലിനെ തിരുവനന്തപുരത്തെ ജയിലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
ഈ കേസില്‍ ജൈസലിനെ റിമാന്‍ഡ് ചെയ്തു. ജൈസലിനെ തിരുവനന്തപുരത്തെ ജയിലിലേക്കു തന്നെ മാറ്റുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 12നാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം തട്ടിയെടുക്കല്‍ നടന്നത്. എട്ട് പ്രതികളില്‍ മൂന്ന് പേര് ഉടന്‍ പിടിയിലായി. ജൈസല്‍ അപ്പോഴേക്കും മറ്റൊരു കേസില്‍ ജയിലിലാവുകയായിരുന്നു. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തുന്നത്. ഇതിനു മുമ്പ് താനൂര്‍ തൂവല്‍ തീരം ബീച്ചിലിരുന്ന യുവാവിനെയും ഒപ്പമുണ്ടായ സ്ത്രീയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ജൈസലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി സ്വദേശിയാണ് ഹീറോ അല്ലാത്ത സീറോ ജൈസല്‍.