മുരിങ്ങയും മുരിങ്ങയിലയും മുരിങ്ങാക്കോലുമൊന്നും മലയാളികൾക്ക് സുപരിചിതമല്ലാത്തവയല്ല. പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില. കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില. മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ബസ്മതി അരി – 2 കപ്പ്
- മുരിങ്ങയില – ഒരു കപ്പ്
- സവാള – 2 എണ്ണം
- നല്ല ജീരകം – 2 സ്പൂൺ
- കറുവാപ്പട്ട – 3 എണ്ണം
- ഗ്രാമ്പു – 3 എണ്ണം
- ഏലക്കായ – 2/3 എണ്ണം
- പച്ചമുളക് – ഒന്ന്
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി – 8 അല്ലി
- മല്ലിചെപ്പ് – 1/4 കപ്പ്
- ബിരിയാണി മസാല – 1/2 ടീസ്പൂൺ
- നെയ്യ് – 2 സ്പൂൺ
- തൈര് – 2 സ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബസ്മതി അരി വെള്ളത്തിലിട്ട് 20 മിനിട്ട് കുതിർത്തു വെച്ചതിനു ശേഷം നന്നായി കഴുകി തിളപ്പിച്ചെടുക്കുക. തിളപ്പിക്കുന്ന വെള്ളത്തിൽ കറുവാപ്പട്ട, ഗ്രാമ്പു, ഏലക്കായ, ഉപ്പ് എന്നിവ കൂടി ചേർത്ത് അരി വേവിച്ചെടുക്കുക. വെന്തതിന് ശേഷം വെള്ളം ഊറ്റിവെക്കുക.
ശേഷം അൽപം വെളിച്ചെണ്ണ ഒഴിച്ച്, അതിലേക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, നല്ല ജീരകം, സവാള എന്നിവ ചേർത്ത് നന്നായി വയറ്റിയെടുക്കുക. ഇതിലേക്ക് മല്ലിചെപ്പ്, ബിരിയാണി മസാല, ഉപ്പ് എന്നിവ കൂടെ ഇളക്കുക. മറ്റൊരു ചട്ടിയിൽ മുരിങ്ങയിലയും പച്ചമുളകും വഴറ്റിയെടുക്കണം. അത് ചൂടാറായതിന് ശേഷം മിക്സിയിൽ അരച്ചെടുക്കുക.
ഈ പേസ്റ്റ് ഉള്ളി വഴറ്റിയതിലേക്ക് ചേർത്ത് ഇളക്കുക. തീ ഓഫ് ആക്കിയ ശേഷം 2 സ്പൂൺ തൈരും കൂടെ ചേർത്ത് മിക്സ് ചെയ്യുക. ഈ മസാലയിലേക്ക് ചോറ് ഇട്ട് കൊടുക്കുക. മുകളിൽ അൽപം നെയ്യ് ഒഴിച്ച് മസാലയും ചോറും കൂടെ നല്ലവണ്ണം മിക്സ് ആക്കുക.