കരള്‍ രോഗികളുടെ എണ്ണം സമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ലിവർ സിറോസിസ്, ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ അടക്കമുള്ള കരള്‍ രോഗങ്ങള്‍ ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
കണ്ണിലെ മഞ്ഞനിറമാണ് കരള്‍ അപകടത്തിലാണെന്നതിന്‍റെ ഒരു പ്രധാന ലക്ഷണം. കരളിന്‍റെ അനാരോഗ്യം കാരണം സംഭവിക്കുന്ന മഞ്ഞപ്പിത്തം എന്ന രോഗത്തിന്‍റെ ഒരു സൂചനയാണിത്.
മൂത്രത്തിലെ മഞ്ഞനിറം, ചുവപ്പ് നിറം, മറ്റ് കടുംനിറം എന്നിവയെ കരള്‍ രോഗങ്ങളുടെ സൂചനയാകാം.
കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം. അതും നിസാരമായി കാണേണ്ട.
ശരീരത്തില്‍ എവിടെയെങ്കിലും ചെറിയ മുറിവ് ഉണ്ടാകുമ്പോള്‍ നിലയ്‌ക്കാതെ രക്തം വരുന്നത്, കരള്‍രോഗം കാരണമായിരിക്കും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നത് കരള്‍രോഗ ലക്ഷണമായി കണക്കാക്കാം.
ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.
വയറുവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
വിവിധ കരള്‍ രോഗങ്ങള്‍
വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു തരം വൈറസുകളാല്‍ ഈ രോഗം വരുന്നു. മലിനജലത്തിലൂടെയും ഭക്ഷണത്തില്‍ കൂടിയും ഇത് പകരും. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്നു.
ഫാറ്റി ലിവര്‍: അമിത വണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൂടുതല്‍ കാണപ്പെടുന്ന രോഗാവസ്ഥയാണിത്.
ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ്: അനിയന്ത്രിത മദ്യപാനം കരളിലെ കോശങ്ങളില്‍ വീക്കത്തിനും തുടര്‍ന്ന് സീറോസിസിനും കരള്‍ കാന്‍സറിനും കാരണമാകുന്നു.
ഓട്ടോ ഇമ്യൂണ്‍ ജനിതക രോഗങ്ങള്‍: അപൂര്‍വ്വമായി കാണുന്ന കരള്‍ രോഗങ്ങളാണ് ഇവ.
സിറോസിസ്: എല്ലാ തരം കരള്‍ രോഗങ്ങളും മൂര്‍ച്ഛിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലാകുകയും കരള്‍ വീക്കം അഥവാ സിറോസിസ് എന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും.
കരള്‍ കാന്‍സര്‍ (hepatocellular carcinoma): സിറോസിസ് രോഗികളിലും വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗികളിലും കാന്‍സര്‍ കാണാനുള്ള സാധ്യതയുണ്ട്