പഠിച്ചിട്ടും വെറുതേയിരിക്കുകയാണോ, ഒരു ജോലി തരട്ടെയെന്ന പരസ്യവുമായി മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ വരുമ്പോള്‍ സൂക്ഷിക്കുക. ഇത്തരം പരസ്യങ്ങളിലൂടെ ജോലി കിട്ടുമെന്ന് കരുതി കുടുങ്ങിപ്പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ധനനഷ്ടവും, മാനഹാനിക്കു വരെ വഴിവെയ്ക്കുന്ന തട്ടിപ്പുകളാണ് ദിനംപ്രതി നടക്കുന്നത്. വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്നു തുടങ്ങുന്ന പരസ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ അടിക്കടി കാണാം. ഇത്തരം പരസ്യങ്ങളില്‍ പലതും വ്യാജമാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.
മൊബൈല്‍ ഫോണിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കി പൂര്‍ത്തിയാക്കിയാല്‍ പണം നല്‍കുമെന്നു പറയുകയും അതനുസരിച്ച് പണം നല്‍കുകയും ചെയ്യുന്നു. പറഞ്ഞ പണം സമയത്ത് കിട്ടുമ്പോള്‍ കൂടുതല്‍ പണം മുടക്കാന്‍ തോന്നും. ഇര വലയില്‍ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാര്‍, ടാസ്‌കില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കും. ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളില്‍ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930ല്‍ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേരള പൊലീസ് പറയുന്നു. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.