മസ്കത്ത്: നമീബിയക്കെതിരെയുള്ള ട്വന്റി20 പരമ്പയിലെ നാലാമത്തെ മത്സരത്തിൽ ഒമാന് തോൽവി. അമീറാത്തിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന കളിയിൽ നമീബിയ 24 റൺസിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയിലായി. നിർണായക അവസാന മത്സരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇതേ ഗ്രൗണ്ടിൽ നടക്കും.
ആദ്യം ബാറ്റ് ചെയ്ത നമീബിയ നാല് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ സാധിച്ചുള്ളൂ. അർധ സെഞ്ച്വറിയുമായി തകർത്താടിയ ജീൻ പെരെ കോട്സെ (78), ഡേവിഡ് വേയ്സ് (51) എന്നിവരുടെ ബാറ്റിങ്ങിലാണ് നമീബിയ മെച്ചപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഒമാനുവേണ്ടി സമയ് ശ്രീനിവാസ്തവ രണ്ടും ആക്വി ഇല്യാസ്, അയാൻ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓപണർ സസീം (34) മികച്ച തുടക്കമാണ് ഒമാന് നൽകിയത്. എന്നാൽ, പിന്നീട് വന്ന ആക്വിബ് ഇല്യാസ് (24), മുഹമ്മദ് നദീം (30) എന്നിവരൊഴിക്കെ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് എടുത്ത ഡേവിഡ് വേയ്സ് ആണ് ഒമാനെ പിടിച്ചുകെട്ടുന്നതിൽ മികച്ച പങ്കുവഹിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ വേയ്സ് ആണ് കളിയിലെ താരവും. ടോസ് നേടിയ ഒമാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.