കെ. ബൈജൂനാഥിനെ ഗവര്‍ണര്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണായി നിയമിച്ചു

ജൂഡീഷ്യല്‍ അംഗം കെ. ബൈജൂ നാഥിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണായി ഗവര്‍ണര്‍ നിയമിച്ചു. 2021ല്‍ കല്‍പ്പറ്റ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജിയായിരിക്കെയാണ് കെ. ബൈജൂ നാഥിനെ മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗമായി നിയമിച്ചത്. 2023ല്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും വിരമിച്ചപ്പോള്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണാക്കി. 2024ല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ബൈജൂനാഥിന് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും അടങ്ങിയ നിയമനകാര്യ സമിതി പുനര്‍ നിയമനം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമനം നല്‍കിയത്. നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാര്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഗവര്‍ണര്‍ നിയമനം അംഗീകരിച്ചതിനു പിന്നാലെയാണ് മണികുമാര്‍ നിലപാട് വ്യക്തമാക്കിയത്. മണികുമാറിന്റെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.

ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് എസ്. മണികുമാര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച മണികുമാര്‍ അഴിമതി കേസുകളില്‍ സര്‍ക്കാറിനെ സഹായിച്ചുവെന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉന്നയിച്ചത്. വിരമിച്ച ശേഷം മണികുമാറിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു. മണികുമാറിന്റെ നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയിലും പ്രതിപക്ഷ നേതാവ് വിയോജന കുറിപ്പെഴുതിയിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഏഴു മാസമായി ഗവര്‍ണര്‍ ശുപാര്‍ശ ഒപ്പിട്ടിരുന്നില്ല. ഗവര്‍ണക്കെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കാനുള്ള ശുപാര്‍ശ അംഗീകരിക്കാത്ത കാര്യം ചൂണ്ടികാട്ടിയിരുന്നു. നിയമ പോരാട്ടങ്ങള്‍ നടക്കുന്നതിനിടെയാണ് ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചത്. പിന്നാലെയാണ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മണികുമാര്‍ വ്യക്തമാക്കിയത്. ഇതോടെ അനിശ്ചാവസ്ഥയിലായ മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാനത്തേക്ക് കെ. ബൈജൂനാഥിനെ ആക്ടിംങ് ചെയര്‍പേഴ്‌സണായി നിയമിക്കുകയായിരുന്നു.