ഫാമിലിയായി ഇരുചക്ര വാഹനത്തിൽ ഇനി എല്ലാവർക്കും ചുറ്റിക്കറങ്ങാം കൂടെ കൂട്ടായി ഏഥർ റിസ്‍തയും.
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ പ്രശസ്തമായവരാണ് ഏഥർ എനർജി. ഓലയെല്ലാം നമുക്കിടയിലേക്ക് വരുന്നതിനു മുമ്പേ തന്നെ നമുക്കിടയിലേക്ക് എത്തിയവർ കൂടിയാണ് ഈ സ്റ്റാർട്ടപ്പ് കമ്പനി.
എന്നാൽ കൂടുതൽ ഫാമിലി അധിഷ്ഠിതമായ മോഡലുകൾ പുറത്തിറക്കിയ ഓലയാണ് വീടുകളിൽ വേഗം കയറിചെന്നതെന്ന് വേണം പറയാൻ. ഏഥർ യൂത്തിനിടയിൽ തരംഗം സൃഷ്‌ടിച്ചപ്പോൾ ഈയൊരു വിടവ് കമ്പനിയെ വല്ലാതെ പിടിച്ചുലച്ചിരുന്നു.അതിനാൽ ഓലയോട് മത്സരിക്കാൻ പുതിയ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് രൂപംകൊടുക്കാൻ ഏഥർ തീരുമാനിക്കുകയും ചെയ്‌തു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഈയൊരു ഇവിയുടെ പരീക്ഷണഘട്ടങ്ങളിലായിരുന്നു ബ്രാൻഡ്. റിസ്‌ത എന്ന് പേരിട്ടിരിക്കുന്ന ഇവിയുടെ ടീസറും ചിത്രങ്ങളുമെല്ലാമായി വൻ ഹൈപ്പും അവതരിപ്പിക്കുന്നതിനു മുന്നെ കമ്പനി ഉണ്ടാക്കിയെടുത്തു. അങ്ങനെ രാജ്യം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായി ഇത് പേരെടുക്കുകയും ചെയ്‌തു.
ദേ ഇന്നിതാ കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഏഥർ കമ്മ്യൂണിറ്റി ഡേയിൽ പുതിയ റിസ്‌ത ഇലക്ട്രിക് സ്‌കൂട്ടർ വെളിപ്പെടുത്തിയിരിക്കുകയാണ് ഏഥർ എനർജി. ഓലയ്ക്ക് പുറമെ പെട്രോൾ മോഡലുകളായ ഹോണ്ട ആക്‌ടിവയും ടിവിഎസ് ജുപ്പിറ്ററും സുസുക്കി ആക്‌സസുമെല്ലാം നേട്ടം കൊയ്യുന്ന വിപണി പിടിക്കാനും ഏഥറിന്റെ പുത്തൻ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് ലക്ഷ്യമുണ്ട്. വില കേൾക്കുമ്പോഴെ അക്കാര്യം നിങ്ങൾക്ക് ബോധ്യമാവും.
S, Z എന്നീ രണ്ട് വേരിയൻ്റുകളിൽ ലഭ്യമായ റിസ്‌ത 1.10 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാങ്ങാനാവുന്നത്. ഞെട്ടിക്കുന്ന ഈ വില നിർണയം ആമുഖമാണെങ്കിലും ആക്‌ടിവ പോലുള്ള മോഡലുകൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണീ പ്രൈസിംഗ്. ഇതിനോടകം 999 രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ച ഏഥർ റിസ്‌ത ഇവിക്കായുള്ള ഡെലിവറി ജൂലൈ മാസം മുതൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
450 സീരീസിൽ നിന്നുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ റിസ്‌ത നിർമിച്ചിരിക്കുന്നതെന്നാണ് ഏഥർ അവകാശപ്പെടുന്നത്. എങ്കിലും പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ പണികഴിപ്പിച്ചിരിക്കുന്നത്. ഡിസൈനിൽ ആർക്കും ഇഷ്‌ടപ്പെടുന്ന യാഥാസ്ഥിതിക സമീപനമാണ് സ്‌കൂട്ടർ സ്വീകരിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളും ഉള്ള തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റ് ക്ലസ്റ്ററാണ് മുൻവശത്തെ ഹൈലൈറ്റ്.
ഇത് ടിവിഎസ് ഐക്യുബിൽ കണ്ടതിന് സമാനമാണല്ലോയെന്ന് ചിന്തിച്ചാലും തെറ്റുപറയാനാവില്ല . പക്ഷേ ഏഥറിന്റേതായ ശൈലി കൊടുത്തിരിക്കുന്നത് സ്വാഗതാർഹമാണ്. സോഫ്റ്റ് ലൈനുകൾ, വൃത്താകൃതിയിലുള്ള പാനലുകൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, ഷാർപ്പ്-സ്റ്റൈൽ എൽഇഡി ടെയിൽലൈറ്റ് എന്നിവയാണ് ഡിസൈനിലെ മറ്റ് കാഴ്ച്ചകൾ. മുന്നിലും പിന്നിലും 12 ഇഞ്ച് അലോയ് വീലുകളാണ് ഏഥർ റിസ്‌തയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.
മൊത്തത്തിൽ റിസ്‌തയുടെ ഡിസൈൻ വൈവിധ്യമാർന്ന പ്രായത്തിലുള്ള ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്ന് വേണം പറയാൻ. ഏഥർ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റൊരു വലിയ ഹൈലൈറ്റ് അതിന്റെ വലിപ്പമേറിയ സീറ്റാണ്. ഇന്ത്യയിലെ ഏതൊരു സ്‌കൂട്ടറിലും കിട്ടുന്നതിൽ വെച്ച് ഏറ്റവും വലിപ്പമുള്ള ഇതിൽ രണ്ട് പേർക്ക് സുഖമായി യാത്ര ചെയ്യാനാവും. ഇതോടൊപ്പം തന്നെ ഒരു പരന്ന ഫ്ലോർബോർഡും ഇവിയെ വേറിട്ടു നിർത്തുന്ന കാര്യമാണ്.
കൂടുതൽ ലഗേജ് ഉൾക്കൊള്ളാനും സാധനങ്ങൾ കയറ്റാനും വാഹനത്തെ ഇത് പ്രാപ്‌തമാക്കുന്നു. ഗ്യാസ് സിലിണ്ടറും പോലും എളുപ്പത്തിൽ കയറ്റാൻ പോലുമുള്ള സ്പേസാണ് ഫ്ലോർബോർഡിൽ കിട്ടുന്നത്. ഇനി അണ്ടർസീറ്റ സ്റ്റോറേജിലേക്ക് വന്നാൽ സീറ്റിനടിയിൽ 34 ലിറ്റളോളം സംഭരണശേഷിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സീറ്റിനടിയിൽ ഓഫീസ് ബാഗുകൾ, പലചരക്ക് സാധനങ്ങൾ, കുടകൾ തുടങ്ങി വിവിധ ഇനങ്ങൾ ഉൾക്കൊള്ളിക്കാം.
പ്രധാന സ്റ്റോറേജ് ഏരിയയുടെ മുന്നിൽ വാലറ്റുകളോ ക്ലീനിംഗ് തുണിയോ പോലുള്ള കാര്യങ്ങൾ സൂക്ഷിക്കാൻ ഒരു ചെറിയ സ്റ്റോറേജ് ബിൻ കൂടി നൽകിയിട്ടുണ്ട്. ഏപ്രണിൻ്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നതും 22-ലിറ്റർ സ്പേസ് തരുന്നതുമായ ഒരു ഫ്ലെക്സിബിൾ ഫ്രങ്കും ഏഥർ ആക്‌സസറിയായി വിൽക്കും. അങ്ങനെ നോക്കുമ്പോൾ പാവങ്ങളുടെ കാറായി ഉപയോഗിക്കാനാവുന്ന തരത്തിലാണ് റിസ്‌തയെ പണിതിറക്കിയിരിക്കുന്നത്.
ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ 450X ഇവിയിൽ നിന്നും ധാരാളം മോഡേൺ സവിശേഷതകൾ കടമെടുത്താണ് ഏഥർ റിസ്‌ത ഒരുങ്ങിയിരിക്കുന്നത്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയുള്ള ടച്ച് ടിഎഫ്‌ടി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളാണ് ഇ-സ്‌കൂട്ടറിൽ ലഭ്യമാവുക. പാർക്ക് അസിസ്റ്റ്, ഓട്ടോ ഹിൽ ഹോൾഡ്, റിവേഴ്‌സ് മോഡ് സ്മാർട്ട് ഇക്കോ, സിപ്പ് എന്നീ രണ്ട് റൈഡ് മോഡുകളും ഇവി വാഗ്‌ദാനം ചെയ്യും.
റിസ്‌തയിൽ അധിക സേഫ്റ്റി ഫീച്ചറായി ഏഥർ സ്കിഡ് കൺട്രോൾ ടെക്‌നോളജിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. റിയർ വീൽ സ്ലിപ്പാവുന്നുണ്ടെന്ന് മനസിലാക്കിയാൽ സ്പീഡ് സെൻസറുകൾ വഴി ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റമായി ഇത് പ്രവർത്തിക്കും. ടെയിൽ ലൈറ്റ് ഫ്ലാഷുചെയ്യുന്ന ഒരു ESS സംവിധാനവും ഇവിക്ക് ലഭിക്കുന്നുണ്ട്. ബാറ്ററിയുടെ കാര്യത്തിൽ അവ ഓപ്ഷനുകളിൽ പുതിയ ഏഥർ റിസ്‌ത ലഭ്യമാണ്.
105 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.9kWh ബാറ്ററി പായ്ക്കാണ് ബേസ് S മോഡലിൽ ഉള്ളത്. അതേസമയം രണ്ടാമത്തെ Z പതിപ്പ് രണ്ട് ബാറ്ററി ഓപ്ഷനുകളോടെ ലഭ്യമാണ്. S വേരിയന്റിലെ 2.9kW, 3.7kWh ബാറ്ററി പായ്ക്ക് എന്നിവയാണത്. ഇത് സിംഗിൾ ചാർജിൽ 125 കിലോമീറ്റർ എന്ന യഥാർഥ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡായി അഞ്ച് വർഷത്തെ അല്ലെങ്കിൽ 60,000 കിലോമീറ്റർ വാറണ്ടിയോടെയാണ് ബാറ്ററി വരുന്നത്.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷൻ ചുമതലകൾ നിർവഹിക്കാനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരൊറ്റ ഷോക്ക് അബ്സോർബറുമാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണ് കിട്ടുക. ഏഥർ റിസ്‌ത ഉടൻ തന്നെ ബ്രാൻഡിൻ്റെ എക്സ്പീരിയൻസ് സെന്ററുകളിൽ ലഭ്യമാകും. ടിവിഎസ് ഐക്യൂബ്, ഓല S1 പ്രോ, ബജാജ് ചേതക് തുടങ്ങിയ ഫാമിലി ഇവികളുമായാവും പ്രധാന മത്സരം.