വിറ്റാമിൻ സിയുടേയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കോളിഫ്ളവർ വിഭാഗത്തിൽ പെടുന്ന ഈ പച്ചക്കറി ദഹനപ്രക്രിയ സുഗമമാക്കാൻ വളരെയധികം സഹായിക്കും. മാത്രമല്ല. വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും ഈ പച്ചക്കറിക്ക് കഴിയും.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ബട്ടർ- ആവശ്യത്തിന്
- ബ്രോക്കോളി -ഒന്ന് ചെറുത്
- വെളുത്തുള്ളി -രണ്ട് എണ്ണം (ചെറിയ കഷ്ണം ആക്കിയത്)
- കാരറ്റ് -ഒന്ന് ചെറുത്
- പാൽ -അര കപ്പ്
- വെള്ളം- അര ഗ്ലാസ്
- മൈദ -ഒരു ടീസ്പൂൺ
- കുരുമുളക് പൊടി -അര ടീസ്പൂൺ
തയാറാക്കുന്ന വിധം
പാനിൽ കുറച്ച് ബട്ടറും ശേഷം അരിഞ്ഞുവെച്ച വെളുത്തുള്ളിയും ചേർക്കുക. വെളുത്തുള്ളി മൂത്തുവരുമ്പോൾ കുറച്ചു ബ്രോക്കോളിയും കാരറ്റും ചേർക്കുക. നല്ലതുപോലെ വഴറ്റിയശേഷം അതിലേക്ക് മൈദ കൂടി ചേർത്ത് വഴറ്റുക. ശേഷം പാലൊഴിച്ച് തിളക്കുന്നതോടെ കുറുകാൻ തുടങ്ങും. ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കുരുമുളകും കൂടി ചേർത്ത് യോജിപ്പിച്ച് തിളപ്പിക്കുക. കുറച്ച് ബ്രോക്കോളി കൂടി ഇട്ട് രണ്ടു മിനിറ്റ് വേവിക്കുന്നതോടെ ബ്രോക്കോളി സൂപ്പ് തയാറായി.