അമ്മത്തൊട്ടിലുകള്‍ വീണ്ടും ‘പ്രസവിച്ചു’: രണ്ട് ചോരകുഞ്ഞുങ്ങള്‍; അവര്‍ക്കു പേര് ‘മാനവ്’, ‘മാനവി’

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളില്‍ വെള്ളിയാഴ്ച യഥാക്രമം ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അമ്മകരുതലിനായി എത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ് ആലപ്പുഴ അമ്മത്തൊട്ടിലില്‍ മൂന്നുദിവസം മാത്രം പ്രായമുള്ള പെണ്‍കുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആണ്‍കുട്ടി തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ സംരക്ഷണ ത്തിനായി എത്തിയത്.

നൊന്തു പെറ്റ അമ്മയ്ക്ക് സമാനമായി അമ്മത്തൊട്ടില്‍ ഏറ്റുവാങ്ങിയ കുരുന്നുകളെ ശിശുക്ഷേമ സമിതി സഹോദരങ്ങളായി സ്വീകരിച്ചു. നാളത്തെ ഇന്ത്യ, സ്‌നേഹത്തില്‍ അതിഷ്ഠിതമായ മാനവികതയുടെ നാടായി മാറാന്‍ മാനവ്, മാനവി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു. ജാതി മത വര്‍ഗ്ഗ ഭാഷാ വ്യത്യാസമില്ലാതെ നല്ല മൂല്യങ്ങളിലും ചിന്തയിലുമൂന്നി ദേശീയത എന്ന സങ്കല്പം മനസ്സില്‍ അതിരുകള്‍ വരയ്ക്കാതെ മനുഷ്യ മനസ്സുകളെ ഒന്നായി കണ്ട് മാനവീകതയുടെ ഉത്തുംഗ ശ്രേണിയിലേക്ക് വഴിനടത്തുക എന്നത് ഓരോ രാഷ്ട്രത്തിന്റെയും ഭരണാധികാരികളുടേയും ഉത്തരവാദിത്വമാണ് എന്നത് ഓര്‍മ്മിപ്പിക്കുക കൂടിയാണ് പുതിയ അതിഥികള്‍ക്ക് ഇങ്ങനെ പേരിട്ടതെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ആലപ്പുഴയില്‍ ലഭിച്ച മാനവിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ ചികിത്സകള്‍ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തു ലഭിച്ച മാനവിനെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനകള്‍ നടത്തി. പൂര്‍ണ്ണ ആരോഗ്യ വാനായ മാനവ് തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ്. 2002 നവംബര്‍ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 593þmമത്തെ കുരുന്നാണ് മാനവ്. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 11-ാമത്തെ കുട്ടിയും 8-ാമത്തെ ആണ്‍കുട്ടിയുമാണ്.

ആലപ്പുഴ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 9-ാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുരുന്നുമാണ് മാനവി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിദേശത്തേക്ക് 10 കുട്ടികള്‍ ഉള്‍പ്പെടെ ഇതുവരെ 67 കുട്ടികളെയാണ് സമിതിയില്‍ നിന്നും സനാഥത്വത്തിന്റെ മടിത്തട്ടിലേക്ക് കൈപിടിച്ച് സമിതി യാത്രയാക്കിയത്. അതിഥികളുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശി കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണ മെന്നും ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.