തൃശ്ശൂർ : ഒരു ഇടവേളയ്ക്കുശേഷം ജില്ലയിൽ വീണ്ടും ക്രിമിനൽ സംഘങ്ങളും സായുധ സംഘട്ടനങ്ങളും തലപൊക്കുന്നു. കഴിഞ്ഞ ദിവസം മൂർക്കനാട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടതോടെ വീണ്ടും അശാന്തിയുടെ ദിനങ്ങളായി മാറി തൃശ്ശൂർ. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ തൃശ്ശൂരിലും എറണാകുളത്തുമായി ചികിത്സയിലും ആണ്. മുൻ വൈരാഗ്യം തീർക്കാൻ ആയുധങ്ങളുമായി എത്തിയ സംഘം നടത്തിയ ആക്രമണം നാടിനെ ആകെ ഞെട്ടലിലാഴ്ത്തി.
കണിമംഗലം, മൂർഖനിക്കര, അന്തിക്കാട് മേഖലകളിൽ ഏതാനും മാസങ്ങൾക്കു മുമ്പ് ഗുണ്ടാക്രമണങ്ങളും കൊലപാതകങ്ങളും സംഭവിച്ചിരുന്നെങ്കിലും പിന്നീട് അന്തരീക്ഷം ശാന്തമായിരുന്നു. പുതിയ സംഭവത്തോടെ കുടിപ്പകയ്ക്കും തുടർ ആക്രമണങ്ങൾക്കും വഴിയൊരുങ്ങിയിരിക്കുകയാണ് ഇപ്പോൾ.
വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരെയും അനുജരന്മാരെയും കാപ്പ ചുമത്തി ജയിലാക്കിയതിലൂടെയാണ് ജില്ലയിലെ ഗുണ്ടാവിലയാട്ടം ഒരു പരിധിവരെ തുടച്ചുനീക്കാൻ പോലീസിന് കഴിഞ്ഞത്.
നഗരത്തിലെ ദിവാൻജിമൂല സമീപ മേഖലകളിൽപെട്ട ഒല്ലൂർ, ചിയ്യാരം, കണിമംഗലം, പടിഞ്ഞാറേക്കോട്ട, പുല്ലഴി, വരടിയം തുടങ്ങിയ മേഖലകളിലെ ഗുണ്ടാസംഘങ്ങളെയാണ് പോലീസ് ആദ്യം അടിച്ചമർത്തിയത്.
അന്തിക്കാട്, തീരദേശ മേഖല തുടങ്ങിയ സ്ഥലങ്ങളിലെ ഗുണ്ടാസംഘങ്ങളെയും പിന്നാലെ ഒതുക്കി. കാപ്പ ചുമത്തപ്പെട്ട ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാക്കളുടെ അനുചരന്മാർ ഇടയ്ക്കിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിച്ചാൽ മറ്റു കാര്യമായ സംഭവങ്ങൾ അടുത്തിടെ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ അന്തിക്കാട് മേഖലയിൽ സമീപകാലത്ത് ഒന്നിലേറെ ഗുണ്ടാക്രമണങ്ങളും സായുധ ഏറ്റുമുട്ടലുകളും ഉണ്ടായി.