മരണക്കുരുക്കിട്ട് മുഹമ്മദ് നിഷാമിന്റെ സഹോദരന്‍: ആറ് കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തി കബളിപ്പിച്ചെന്ന് പരാതി

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരേ സഹോദരന്‍ അബ്ദുള്‍ റസാഖിന്റെ മരണക്കുരുക്ക്. കിംഗ് ബീഡി കമ്പനിയുടെ മറവില്‍ ആറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി മുഹമ്മദ് നിഷാമിന്റെ  സഹോദരന്‍ അബ്ദുള്‍ റസാഖ് വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ്. കൊരട്ടി പൊലീസിനും പരാതി കൊടുത്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തിയ പരാതി കൊടുക്കുമ്പോഴും മുഹമ്മ് നിഷാമെന്ന ക്രിമിനല്‍ സ്വഭാവമുള്ള സഹോദരനെ പേടിയുണ്ടെന്നും തങ്ങളുടെ ജീവന് ഭീഷണിയാകുമോയെന്ന ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

മുഹമ്മദ് നിഷാം ജയിലില്‍ ജീവപര്യന്ത ശിക്ഷ അനുഭവിക്കുന്നുണ്ടെങ്കിലും അയാളുടെ സ്‌നേഹിതരായ ക്രിമിനലുകള്‍ പുറത്തുണ്ട് എന്നതാണ് സഹോദരന്‍ അഹ്ദുള്‍ റസാഖിന്റെ ഉറക്കം കെടുത്തുന്നത്. എങ്കിലും തങ്ങള്‍ക്കു കൂടി ലഭിക്കേണ്ടിയിരുന്ന സ്വത്തുക്കള്‍ ബിനാമിയുടെ പേരില്‍ വാങ്ങിക്കൂട്ടുകയും അത് സ്വന്തമായി അനുഭവിക്കുകയും, ക്രിമിനലുകളായ സ്‌നേഹിതര്‍ക്ക് അനുഭവിക്കാന്‍ നല്‍കുകയും ചെയ്യുന്നത് കണ്ടു നില്‍ക്കാനാവാതെയാണ് വിജിലന്‍സിന് രേഖകളോടെ പരാതി നല്‍കിയത്.

കിംഗ് ബീഡിക്കമ്പനിയിലെ കൂട്ടുകച്ചവടത്തില്‍ തന്നെ കബളിപ്പിച്ച് പണം തട്ടിയെന്ന് പറയുന്നത് നിഷാമിന്റെ സഹോദരനാണെന്ന പ്രത്യേകതയുമുണ്ട്. അപ്പോള്‍ ചന്ദ്രബോസെന്ന പാവം സെക്യൂരിറ്റിക്കാരനെ ചവിട്ടിക്കൊന്നതു മാത്രമല്ല, നിഷാമിന്റെ ക്രിമിനല്‍ പശ്ചാത്തലം. സ്വന്തം കുടുംബത്തില്‍പ്പോലും ക്രിമിനലിസം നടത്തിയും കൂര്‍മ്മ ബുദ്ധി പ്രയോഗിച്ചുമാണ് സമ്പാദിച്ചതെന്നു വ്യക്തമാവുകയാണ്. അബ്ദുള്‍ റസാഖിന്റെ പരാതിയില്‍ പറയുന്നത് ഇതാണ്.

2012 കാലഘട്ടത്തില്‍ കിംഗ് ബീഡി കമ്പനിയുടെ സെയില്‍സ്മാനായ ടി.കെ. സുധീറിന്റെ പേരില്‍ മുഹമ്മദ്‌നിഷാം ബിനാമിയായി ആറ് കോടിയോളം രൂപ സമ്പാദിക്കുകയും സ്ഥാപനത്തിന്റെ പേരില്‍ ചതിച്ചും വഞ്ചിച്ചും പണാപഹരണം നടത്തിയെന്നുമാണ്. കിംഗ് ബീഡി എന്ന കമ്പനിയുടെ ഭരണഘടന അനുസരിച്ച് മൂന്ന് സഹോദരങ്ങള്‍ക്ക് 18 ശതമാനം, ഉമ്മയ്ക്ക് 36 ശതമാനവും, വി.പി. ബഷീറിന് 10 ശതമാനവും ഓഹരിയിലും ലാഭവിഹിതത്തിലും അവകാശമുണ്ടെന്നാണ്.

തട്ടിപ്പു നടന്ന കാലയളവില്‍ മുഹമ്മദ് നിഷാമാണ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറായി ചുമതലയില്‍ ഉണ്ടായിരുന്നത്. സ്ഥാപനത്തിന്റെ കണക്കുകള്‍ നോക്കിയിരുന്നതും രേഖപ്പെടുത്തിയിരുന്നതും ആക്കൗണ്ട് ചെയ്തിരുന്നതും നിഷാമിന്റെ പൂര്‍ണ്ണ ചുമതയിലായിരുന്നു. കണക്കുകളെല്ലാം നോക്കിയ ശേഷം പേരിനു മാത്രം ഓഹരി ഉടമകളായ ഞങ്ങള്‍ക്ക് ബാലന്‍സ് ഷീറ്റ് തരാറുണ്ടായിരുന്നു.

നിഷാം സഹോദരനായതു കൊണ്ടും ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നാതിരുന്നതു കൊണ്ടും കണക്കുകള്‍ അന്ന് സൂക്ഷ്മമായി പരിശോധിച്ചിരുന്നില്ല. ഇതിനിടെ 2015 ജനുവരിയില്‍ നിഷാം കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായി.

ഇതിനു ശേഷമാണ് കിംഗ് ബീഡി കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ചും, ലാഭത്തെക്കുറിച്ചും അന്വേഷിച്ചു തുടങ്ങിയത്. അപ്പോഴാണ് 2012 മുതല്‍കമ്പനിയുടെ കണക്കുകളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനായത്. അന്നത്തെ കമ്പനി സെയില്‍സ്മാനായ സുധീറിന്റെ പേരില്‍ മുകുന്ദപുരം താലൂക്കില്‍ കിഴക്കേമുറി വില്ലേജില്‍ സര്‍വെ നമ്പര്‍ 540/2, 540/3, 540/6 ആയി തൊണ്ണൂറ്റി എട്ടരസെന്റ് വിസ്തീര്‍ണ്ണം വരുന്ന വസ്തുക്കള്‍ അന്നമ്മനട സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1055/2012 നമ്പറായുള്ള ആധാരപ്രകാരം രജിസ്റ്റര്‍ ചെയ്‌തെന്നു കണ്ടെത്തി. കമ്പനിയുടെ സമ്പത്ത് ഉപയോഗിച്ചാണ് ഈ സ്ഥലം വാങ്ങിയിരിക്കുന്നത്.

അതേ ദിവസം തന്നെ ഈ തൊണ്ണൂറ്റി എട്ടര സെന്റ് സ്ഥലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അന്നമനട സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1057/2022 നമ്പറായി സര്‍വെ 5402ല്‍ 5 സെന്റ് ഭൂമി മുഹമ്മദ് നിഷാമിന്റെ പേരിലും രജിസ്റ്ററാക്കി. തൊണ്ണൂറ്റി എട്ടരസെന്റിലേക്ക് നിഷാം വാങ്ങിയ 5 സെന്റിലൂടെ മാത്രമേ വഴിയുള്ളൂ. മറ്റു വഴികളൊന്നുമില്ല. ഇതു തന്നെ നിഷാമും കമ്പനിയിലെ ജോലിക്കാരനും ചേര്‍ന്നു നടത്തിയ വലിയ തട്ടിപ്പാണെന്ന് തെളിയുന്നുണ്ട്.

നിഷാമിന്റെ ബിനാമിയാണ് ജോലിക്കാരനായ സുധീറെന്ന് മനസ്സിലായിട്ടുമുണ്ട്. ഈ ഭൂമിക്ക് അന്നത്തെ വിലയനുസരിച്ച് ഒന്നരക്കോടിയോളം രൂപ വിലവരും. ഈ ഭൂമിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ ഉണ്ടായതായി സംശിക്കുന്നുണ്ടെന്നും സഹോദരന്റെ പരാതിയില്‍ പറയുന്നു. ഈ വസ്തുക്കള്‍ വാങ്ങിയത് കമ്പനിയുടെ കണക്കുകളില്‍ വരവ് വെച്ചിട്ടില്ലെന്നതും സംശയത്തിന് ബലമേകുന്നുണ്ട്.

ഈ പുരയിടത്തിന്റെ മേലാദായം എടുക്കുന്നത് നിഷാം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍, കൂടെ ഉണ്ടായിരുന്ന കൊലപാതകക്കുറ്റത്തിന് ശിക്ഷ അനുഭവിച്ചയാളും, നിഷാമിന്റെ ഡ്രൈവറുമാണ്. ഇത് അന്വേഷിച്ച് കണ്ടെത്തിയതും ഇത് കേസാക്കിയതും ഞങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. ഈ സാമ്പത്തിക തിരിമറിയില്‍ അന്വേഷണം നടത്തുകയും, ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും നടപടി ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.

നിഷാമിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമം 420, 406, 409 വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് മണി ലെന്‍ഡറിംഗ് ആക്ടിലെ സെക്ഷന്‍ 3,4 പ്രകാരവും കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും അബ്ദുള്‍ റസാഖ് പറയുന്നു. സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ നിഷാമിന് കുരുക്കിടുകയാണ്. ഇത് നിഷാമിന്റെ തടവറ ജീവിതത്തിന്റെ ദൈര്‍ഘ്യം കൂട്ടുമെന്നുറപ്പാണ്.

2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു ചന്ദ്രബോസ് വധത്തിന് ആസ്പദമായ സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിനായിരുന്നു വ്യവസായി മുഹമ്മദ് നിഷാം സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. ചന്ദ്രബോസിനെ കാറിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. വാഹനമിടിപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തിരുന്നു.

സെക്യൂരിറ്റി റൂമിന് നേരെയും ആക്രമണം അഴിച്ചുവിട്ട നിഷാം ഫര്‍ണിച്ചറുകളും, ജനലുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും (31) മര്‍ദനമേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിക്കുകയായിരുന്നു.

പൊട്ടിയ വാരിയെല്ലുകള്‍ തറഞ്ഞുകയറി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ചന്ദ്രബോസ് വധക്കേസില്‍ 2016 ജനുവരി 21-ന് വിധി പറഞ്ഞ തൃശ്ശൂര്‍ അഡീഷണല്‍ കോടതി മുഹമ്മദ് നിഷാമിന് ജീവപരന്ത്യവും 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.