വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പിതാവിന്റെ മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ. ചൊവ്വാഴ്ച ഹാജരാകാമെന്ന് ജയപ്രകാശ് സി.ബി.ഐയെ അറിയിച്ചു. സി.ബി.ഐ എസ്.പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇന്ന് വയനാട്ടിലെത്തിയത്. വയനാട് എസ്.പിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
മാർച്ച് 9ന് ആണ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നതിൽ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ സംഘം എത്തിയത്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേന്ദ്രസർക്കാരിന്റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്.
കേരള സർക്കാർ കേസ് അട്ടിമറിക്കാൻ പരമാവധി ശ്രമിച്ചുവെന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിൽ ആശ്വാസമുണ്ടെന്നും സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് രേഖകൾ കൈമാറിയതെന്ന് സിദ്ധാർഥന്റെ അച്ഛൻ ഇന്നലെ കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കാതെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ഇതോടെ, സി.ബി.ഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനമിറക്കറണമെന്ന് കേന്ദ്രസർക്കാറിന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.