തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി പണം നല്‍കി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് രാജീവ് ചന്ദ്ര ശേഖർ. ശശി തരൂരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തരൂരിന്റെത് പച്ചക്കള്ളത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്യും. നടപടിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കും. ഡോ ശശി തരൂര്‍ മത സാമുദായിക സംഘടനകളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
“മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണ്. നെഗറ്റീവ് രാഷ്ട്രീയം എന്‍റെ ശൈലിയല്ല. ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകള്‍ക്കും നാടിന്‍റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്”, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഒരു എംപി എന്ന നിലയില്‍ ശശി തരൂരിന്റെ കഴിഞ്ഞ 15 വർഷത്തെ പ്രകടനം സൂക്ഷ്മ പരിശോധന നടത്തുന്നതില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള നിഷ്ഫലശ്രമമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്ന പച്ചക്കള്ളത്തിനു പിന്നിലുള്ളത്. മുൻപ് സിഎഎ, മണിപ്പൂർ വിഷയങ്ങളില്‍ പറഞ്ഞതു പോലുള്ള പച്ച നുണയാണ് താൻ പണം നല്‍കി സാമുദായിക വോട്ടുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നതും. തനിക്കെതിരേ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഗൗരവമേറിയ പല ചോദ്യങ്ങള്‍ക്കും ശശി തരൂർ മറുപടി പറയണം, പറയേണ്ടിവരുമെന്നും രാജീവ് പറഞ്ഞു.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് നേടുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. മത, സാമുദായിക നേതാക്കളുള്‍പ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് തരൂര്‍ പറഞ്ഞു. ഇക്കാര്യം പുറത്ത് പറയാന്‍ ആരും തയറാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. തെളിവുകളുണ്ടെന്നും ഇക്കാര്യം പുറത്തുവിടാന്‍ പറ്റാത്തതിന്റെ കാരണം പണം ലഭിച്ചവര്‍ പരസ്യമായി തുറന്നുപറയാത്തതുകൊണ്ടാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.