ഉത്സവത്തിനിടെ പീഡനശ്രമം; യുവമോർച്ച മുൻ ജില്ല സെക്രട്ടറി അറസ്റ്റിൽ

തൃശൂര്‍: ദേശവിളക്ക് ഉത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍ (40) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്.ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്.

ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്കിനിടയിലാണ് 18 വയസ്സുകാരിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ജനുവരി 10ന് വാടാനപ്പള്ളി പൊലീസ് കേസെടുത്തതോടെ സുബിൻ ഒളിവിൽ പോകുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ബി.ജെ.പിയുടെ സജീവ പ്രവർത്തകനുമായ സുബിൻ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.

സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ബംഗളുരുവില്‍ ഉണ്ടെന്ന് രഹസൃ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം അവിടേയ്ക്ക് തിരിക്കുകയായിരുന്നു. എസ്.ഐക്കു പുറമെ സി.പി.ഒമാരായ അലി, അരുൺ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.