തുടര്‍ തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ്; എതിരില്ലാത്ത രണ്ട് ഗോളിന് നോർത്ത് ഈസ്റ്റിനോട് പരാജയം

ഗുവഹാത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തത്. കഴിഞ്ഞ ഒമ്പതു കളികളില്‍ ടീമിന്റെ ഏഴാം തോല്‍വി. 84-ാം മിനിറ്റില്‍ നെസ്റ്റര്‍ ആല്‍ബിയാക്കും ഇന്‍ജുറി ടൈമില്‍ മലയാളി താരം ജിതിന്‍ എം.എസുമാണ് നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞെങ്കിലും ഗോൾ അകന്നുനിന്നു. ഒടുവിൽ രണ്ടാം പകുതിയുടെ അവസാന പത്തുമിനിറ്റിൽ അപ്രതീക്ഷിത കുതിപ്പ് നടത്തി നോർത്ത് ഈസ്റ്റ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കുകയായിരുന്നു.

പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഈസ്റ്റ് ബംഗാളിനെതിരേ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തില്‍ നിന്നും 10 മാറ്റങ്ങളുണ്ടായിരുന്നു. സൗരവ് മണ്ഡല്‍, പ്രീതം കോട്ടാല്‍, മിലോസ് ഡ്രിന്‍സിച്ച്, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ പ്രതിരോധത്തിലും ദയ്‌സുകെ സകായ്, ഡാനിഷ് ഫറൂഖി, ഫ്രെഡി, മുഹമ്മദ് ഐമന്‍ എന്നിവര്‍ മധ്യനിരയിലും ഇഷാന്‍ പണ്ഡിത, നിഹാല്‍ സുധീഷ് എന്നിവര്‍ മുന്നേറ്റത്തിലും അണിനിരന്നു. ലാറ ശര്‍മ ഗോള്‍വല കാത്തു. ഡ്രിന്‍സിച്ച് മാത്രമായിരുന്നു ആദ്യ ഇലവനിലെ ഏക വിദേശ താരം.

വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ നോർത്ത് ഈസ്റ്റ് നിലനിർത്തി. ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം തോൽവിയാണിത്. നിലവിൽ ബ്ലാസ്‌റ്റേഴ്‌സ് 21 കളിയിൽ ഒൻപത് ജയവുമായി അഞ്ചാം സ്ഥാനത്താണ്. പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരം