ജയ്പൂർ: ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4000 റണ്‍സ് പിന്നിട്ട എലൈറ്റ് ബാറ്റർമാരുടെ പട്ടികയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഐപിഎല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ തന്‍റെ ആദ്യ ബൗണ്ടറി നേടിയതോടെയാണ് സഞ്ജു ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗിലെ നാലായിരം റണ്‍സ് ക്ലബില്‍ എത്തിയത്. റോയല്‍സ് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ യഷ് ദയാലിനെതിരെ സ്ക്വയറിലൂടെ ഫോർ നേടിയായിരുന്നു സഞ്ജു നാഴികക്കല്ലിലേക്ക് കുതിച്ചത്.
ഐപിഎല്ലില്‍ നാളിതുവരെ 16 താരങ്ങളാണ് നാലായിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ളത്. എന്നാല്‍ മൂന്നേ മൂന്ന് പേർക്ക് മാത്രമേ സഞ്ജു സാംസണിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 137.23 പ്രഹരശേഷിയിലാണ് സഞ്ജു 4000 റണ്‍സ് തികച്ചത്. അതേസമയം ഇതിഹാസ താരങ്ങളായ എ ബി ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്‍ല്‍ (148.96), ഡേവിഡ് വാർണർ (140) എന്നിങ്ങനെയാണ് സഞ്ജുവിന് മുന്നിലുള്ള മൂവരുടെയും സ്ട്രൈക്ക് റേറ്റ്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 7,444
ശിഖര്‍ ധവാന്‍ – 6,754
ഡേവിഡ് വാര്‍ണര്‍ – 6,527
രോഹിത് ശര്‍മ – 6,280
സുരേഷ് റെയ്‌ന – 5,528
എ.ബി. ഡി വില്ലിയേഴ്‌സ് – 5,126
എം.എസ്. ധോണി – 5,119
ക്രിസ് ഗെയ്ല്‍ – 4,965
റോബിന്‍ ഉത്തപ്പ – 4,925
ദിനേഷ് കാര്‍ത്തിക് – 4,602
അജിന്‍ക്യ രഹാനെ – 4,484
അംബാട്ടി റായിഡു – 4,348
കെ.എല്‍. രാഹുല്‍ – 4,236
ഗൗതം ഗംഭീര്‍ – 4,217
ഫാഫ് ഡു പ്ലെസി – 4,179