ജയ്പൂർ: ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. ആർസിബിയുടെ 183 റണ്‍സ് അഞ്ച് പന്ത് ബാക്കിനില്‍ക്കേ നാല് മാത്രം വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് മറികടന്നു. സഞ്ജു 69 റണ്‍സില്‍ പുറത്തായപ്പോള്‍ ബട്ലർ 58 പന്തില്‍ 100* റണ്‍സുമായി പുറത്താവാതെ നിന്നു. സിക്സോടെ സെഞ്ചുറി തികച്ചുകൊണ്ടായിരുന്നു ബട്ലറുടെ ഫിനിഷിംഗ്.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തില്‍, നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് കുറിച്ചത്. ഐപിഎൽ കരിയറിലെ എട്ടാം ശതകമാണ് കോഹ്ലി നേടിയത്. 72 പന്തിൽ 12 ബൗണ്ടറിയും നാല് സിക്സറും സഹിതം 113 റൺസുമായി കോഹ്ലി പുറത്താകാതെനിന്നു.
സീസണിൽ ആദ്യമായി ഓപ്പണിങിൽ മികച്ച തുടക്കം ലഭിച്ച ആർസിബി പവർപ്ലെയിൽ 53 റൺസാണ് നേടിയത്. തുടർന്നും ഫാഫ് ഡുപ്ലെസിയും വിരാടും ചേർന്ന് സ്കോറിംഗ് വേഗമുയർത്തി. അർധ സെഞ്ച്വറിക്ക് ആറു റൺസ് അകലെ യുസ്വേന്ദ്ര ചഹലിന്റെ പന്തിൽ ജോഷ് ബട്ലർ പിടിച്ച് ഡുപ്ലെസിസ് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ഗ്ലെൻ മക്സ്വെൽ വേഗത്തിൽ മടങ്ങി. നന്ദ്രെ ബർഗറിന്റെ ഓവറിൽ(1) ക്ലീൻബൗൾഡാകുകയായിരുന്നു. സൗരവ് ചൗഹാനും (6) മടങ്ങിയെങ്കിലും ഒരറ്റത്ത് ആംഗർ റോളിൽ കോഹ്ലി തകർത്തടിച്ചു. കാമറൂർ ഗ്രീൻ (5) പുറത്താകാതെ നിന്നു.
രാജസ്ഥാൻ നിരയിൽ യുസ്വേന്ദ്ര ചഹൽ രണ്ട് വിക്കറ്റുമായി തിളങ്ങി.
മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് റോയല്‍സിന് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (2 പന്തില്‍ 0) നഷ്ടമായി. റീസ് ടോപ്ലിയുടെ പന്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിനായിരുന്നു ക്യാച്ച്. എന്നാല്‍ ഫോമിലെത്തിയ ജോസ് ബട്ലർക്കൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണും ചേർന്ന് രാജസ്ഥാനെ 11-ാം ഓവറില്‍ 100 കടത്തി. ബട്ലർ 30 പന്തിലും സഞ്ജു 33 ബോളിലും അർധസെഞ്ചുറി തികച്ചു. സിക്സോടെയായിരുന്നു സഞ്ജുവിന്റെ ഫിഫ്റ്റി. 15-ാം ഓവറില്‍ ടീം 150 റണ്‍സിന് തൊട്ടരികെ നില്‍ക്കേ സഞ്ജുവിനെ (42 പന്തില്‍ 69) മുഹമ്മദ് സിറാജ്, യഷ് ദയാലിന്റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം റിയാന്‍ പരാഗും (4 ബോളില്‍ 4), ധ്രുവ് ജൂറെലും (3 പന്തില്‍ 2) വേഗം മടങ്ങിയെങ്കിലും ബട്ലർ 20-ാം ഓവറിലെ ആദ്യ പന്തില്‍ സിക്സും സെഞ്ചുറിയുമായി മത്സരം ഫിനിഷ് ചെയ്തു. ബട്ലർക്കൊപ്പം ഷിമ്രോന്‍ ഹെറ്റ്മെയർ (6 പന്തില്‍ 11*) പുറത്താവാതെ നിന്നു.