തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് സൂചിപ്പിക്കുന്നത്.
യാത്രാച്ചെലവിന് പണം ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചു. ഏപ്രില്‍ രണ്ടിനാണ് അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ ദുരൂഹതകളാണ് ഈ സംഭവത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.
അന്ധവിശ്വാസം പിന്തുടര്ന്ന് ഒടുവില്‍ മരണം വരിക്കേണ്ട നിലയിലെത്തിയതാകാം മൂവരുമെന്ന സംശയം തുടക്കം മുതല്‍ തന്നെ നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട പല തെളിവുകളും പൊലീസിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇവർക്കുമേൽ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നറിയാൻ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.