കണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടനക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാലിനെയും അക്ഷയ്‍യേയുമാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നും ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ കഴിയുന്ന സൂചനകൾ ലഭിച്ചതായാണ് വിവരം. അധികം വൈകാതെ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അതേസമയം സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്. കേസില്‍ അറസ്റ്റിലായവരുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. സ്ഫോടനം നടന്നയിടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുൺ, ഷിബിൻ ലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സായൂജ് എന്നൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.
പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളില്‍ സിആര്‍പിഎഫിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലും പരിശോധന നടന്നിരുന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.
പാനൂര്‍ കുന്നോത്ത് പറമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിന്‍റവിട ഷെറിൻ (31) ആണ് മരിച്ചത്. വിനീഷിന് ഗുരതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
Read also: അരുണാചലിലെ മലയാളികളുടെ മരണം; നവീന്റെ കാറിൽ പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും