വിഷു പൂജകള്‍ക്കായി ശബരിമല അയ്യപ്പ ക്ഷേത്ര നട 10നു തുറക്കും.11 മുതല്‍ 18 വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്. പുലര്‍ച്ചെ 5.30ന് അഭിഷേകം തുടങ്ങും. 10ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് ക്ഷേത്ര നട തുറന്ന് ദീപം തെളിക്കും.
വിഷുക്കണി ദര്‍ശനം 14നു പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണ്. ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പസ്വാമിയുടെ പുണ്യരൂപം കണികാണാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കും. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്കു വിഷുക്കൈനീട്ടവും നല്കും.
13നു രാത്രി അത്താഴ പൂജയ്‌ക്കു ശേഷം ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കിയാണ് നട അടയ്‌ക്കുക. 14നു പുലര്‍ച്ചെ നാലിനു നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തര്‍ക്കു കണി കാണാന്‍ അവസരം ലഭിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 18നു രാത്രി 10നു നട അടയ്‌ക്കും.