കൊച്ചി: മൂവാറ്റുപുഴയിൽ അശോക് ദാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. രണ്ടു പേർ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും. ഇതിനായി മൊബൈൽ രേഖകൾ പോലീസ് പരിശോധിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
സുഹൃത്തിന്റെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അശോക് ദാസ് കൊല്ലപ്പെട്ടത്. വനിതാ സുഹൃത്തുമായുള്ള തര്‍ക്കത്തിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീട്ടിനുള്ളില്‍ വെച്ചും സമീപത്ത് കെട്ടിയിട്ടും അശോക് ദാസിനെ മര്‍ദ്ദിച്ചത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ഗുരുതര പരിക്കാണ് അശോക് ദാസിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്. അശോക് ദാസിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സ്വദേശമായ അരുണാചല്‍ പ്രദേശിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന കാര്യത്തില്‍ ബന്ധുക്കള്‍ തീരുമാനമെടുക്കും. കേസില്‍ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ഇവരെ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂവാറ്റുപുഴ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും. കേസില്‍ കൂടുതല്‍ സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ കൂടി എത്രയും വേഗം ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം.
Read also: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് : അതീവ ജാഗ്രത മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി