ലണ്ടൻ : യുകെയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇരുപത്തിയെട്ടുകാരൻ, മൃതദേഹം ഇരുന്നൂറോളം കഷ്ണങ്ങളാക്കി ഒരാഴ്ച അടുക്കളയിൽ സൂക്ഷിച്ച ശേഷം നദിയിൽ ഉപേക്ഷിച്ചു. ഭാര്യ ഹോളി ബ്രാംലിയെ (26) കൊലപ്പെടുത്തിയതായി നിക്കോളാസ് മെറ്റ്‌സൺ (28) എന്നയാളാണ് പൊലീസിനോടു സമ്മതിച്ചത്. ആഴ്ചകളോളം ആരോപണങ്ങൾ നിഷേധിച്ചതിനു ശേഷമാണ് കുറ്റസമ്മതം. ബ്രാംലിയെ തിരഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട്, അവൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരിക്കും എന്നും നിക്കോളാസ് മെറ്റ്സൺ പ്രതികരിച്ചിരുന്നു.
കിടപ്പുമുറിയിൽ വച്ച് ഭാര്യയെ പലതവണ കുത്തിയ നിക്കോളാസ്, മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. പിന്നീട് ശുചിമുറിയിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി അടുക്കളയിലെ ഫ്രിഡ്ജിൽ ഒരാഴ്ച സൂക്ഷിച്ചു. പിന്നീട് ഇതു നീക്കം ചെയ്യാൻ ഒരു സുഹൃത്തിന് 50 പൗണ്ടും നൽകി. തനിക്ക് പണം ലഭിച്ചതായി സുഹൃത്ത് കോടതിയിൽ സമ്മതിച്ചു.
Read more : പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ്റെ വീട്ടുകാരെ സന്ദർശിച്ച് സി.പി.എം നേതാക്കൾ
നദിയിൽ പ്ലാസ്റ്റിക് ബാഗുകൾ പൊങ്ങിക്കിടക്കുന്നത് പ്രഭാത സവാരിക്ക് എത്തിയവരാണ് ആദ്യം കാണുന്നത്. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ 234 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ചില ഭാഗങ്ങൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. തന്റെ മകൾ വിവാഹിതയായിട്ട് 16 മാസമേ ആയിട്ടുള്ളൂവെന്നും ഇത്രയും നാളും നിക്കോളാസ് മകളെ വീട്ടിലേക്ക് അയച്ചിട്ടില്ലെന്നും ബ്രാംലിയുടെ അമ്മ കോടതിയെ അറിയിച്ചു. കൊല്ലപ്പെടുമ്പോൾ ദമ്പതികൾ വേർപിരിയലിന്റെ വക്കിലായിരുന്നു
മുയലുകളെ മിക്സിയിലിട്ടും നായ്ക്കുട്ടികളെ വാഷിങ്ങ് മെഷീനിലിട്ടും നിക്കോളാസ് കൊലപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന വീട്ടിലെ ബാത്ത് ടബ്ബിൽ രക്തത്തിൽ കുതിർന്ന ഷീറ്റുകളും വീട്ടിലുടനീളം അമോണിയയുടെയും ബ്ലീച്ചിന്റെയും ഗന്ധവും പൊലീസ് പരിശോധനയിൽ കണ്ടെത്തി.