സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ടീം ഐ.പി.എൽ സീസണിൽ അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്നലെ ആറ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തോൽപ്പിച്ചത്. പോയിന്‍റ് ടേബിളിലെ ഒന്നാംസ്ഥാനക്കാർ നാല് മത്സരങ്ങളിലും തോൽവിയറിഞ്ഞിട്ടില്ല.
ഇന്നലത്തെ മത്സരത്തിലെ സെഞ്ച്വറിക്കാരൻ ജോസ് ബട്ട്ലർ (പുറത്താകാതെ 100) ഏറെക്കാലത്തിന് ശേഷം ഫോമിലേക്ക് തിരിച്ചുവന്നപ്പോൾ 42 പന്തിൽ 69 റൺസ് നേടിക്കൊണ്ട് സഞ്ജു സാംസൺ മികച്ച പിന്തുണ നൽകി. ഇരുവരുടെയും ബാറ്റിങ് മികവിൽ അധികം വിയർക്കാതെ തന്നെ രാജസ്ഥാന് വിജയിക്കാനും കഴിഞ്ഞു.
ഇന്നലത്തെ ഇന്നിങ്സോടെ ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് സഞ്ജു. നാല് കളിയിൽ നിന്ന് 178 റൺസാണ് രാജസ്ഥാൻ ക്യാപ്റ്റനുള്ളത്. തൊട്ടുമുന്നിൽ രണ്ടാം സ്ഥാനത്ത് സഹതാരം റിയാൻ പരാഗാണുള്ളത്. കഴിഞ്ഞ സീസണിൽ നിറംമങ്ങിയ പരാഗ് ഇത്തവണ തകർപ്പൻ ഫോമിലാണ്. നാല് മത്സരത്തിൽ നിന്ന് 185 റൺസാണുള്ളത്.
റൺവേട്ടക്കാരിൽ ഒന്നാംസ്ഥാനത്തുള്ള ആർ.സി.ബിയുടെ വിരാട് കോഹ്ലി അതിദൂരം മുന്നിലാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 316 റൺസാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ഇന്നലത്തെ സെഞ്ച്വറിയോടെ (പുറത്താകാതെ 113) ഈ സീസണിലെ ആദ്യ സെഞ്ച്വറിയും കോഹ്ലി സ്വന്തം പേരിലാക്കിയിരുന്നു.
സൺറൈസേഴ്സിന്‍റെ ഹെയിന്റിച്ച് ക്ലാസെൻ ആണ് 177 റൺസുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിൽ നാലാമത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 164 റൺസുമായി അഞ്ചാമതുണ്ട്.