ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി നഴ്സിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് മായയുടെ സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി ദീപക് കട്ടിയാർ (31) അറസ്റ്റിലായി. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്സ് ടി.എം. മായ (37)യെയാണ് സുഹൃത്ത് ബന്ധത്തിൽ നിന്ന് പിൻമാറാത്തതിൽ പ്രകോപിതനായി കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ അഞ്ചു വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധത്തിൽനിന്ന് പിൻമാറാൻ മായ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് ദീപക് മൊഴി നൽകി. കഴിഞ്ഞ വർഷം ദീപക് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലപാതകം.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. യുവതി തലകറങ്ങി വീണെന്നും തുടർന്ന് അബോധാവസ്ഥയിലായെന്നുമാണ് ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ എത്തും മുൻപേ മായ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട ദീപക്കിനെ ഹലാൽപുർ ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ദീപക് തന്നെയാണ് മായയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ചോദ്യംചെയ്യലിൽ പ്രതി ഇക്കാര്യം സമ്മതിച്ചു. മായ മരിച്ച് നാലു മണിക്കൂറിനു ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.
വിവാഹിതയായ മായ അഞ്ചു വർഷം മുൻപാണ് മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ അവിടെ ജീവനക്കാരനായിരുന്ന ദീപക്കിനെ പരിചയപ്പെട്ടത്. പിന്നീട് ആശുപത്രി മാറിയ മായ ഭർത്താവിനും 12 വയസ്സുള്ള മകനും ഒപ്പമായിരുന്നു താമസം. അപ്പോഴും ദീപക്കുമായുള്ള ബന്ധം തുടർന്നു. മൂന്നു മാസം മുൻപ് മായയുടെ ഭർത്താവ് നാട്ടിലേക്കു മടങ്ങിയിരുന്നു.
കാൻപുർ സ്വദേശിയായ ദീപക് ലാൽഘട്ടിയിലെ ഫ്ലാറ്റിലായിരുന്നു താമസം. മായ ഇടയ്ക്കിടെ ഇവിടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബുധനാഴ്ച വൈകിട്ടും മായ ദീപക്കിനെ കാണാനായി ഇവിടെ എത്തിയിരുന്നു. അന്നു രാത്രി തന്നെ കൊലപാതകം നടന്നതായാണ് നിഗമനം.
താനുമായുള്ള ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ച മായയെ, ദീപക് ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തി ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ഇതിനു മുന്നോടിയായി ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മാതാപിതാക്കളെയും കാൻപുരിലേക്ക് അയച്ചു. തുടർന്ന് മായയെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. ബുധനാഴ്ച ഫ്ലാറ്റിലെത്തിയ മായയുമായി ദീപക് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനു ശേഷമായിരുന്നു കൊലപാതകം.