ഭർത്താവുമായുള്ള തർക്കത്തിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച 30 കാരി മരിച്ചു

പാലക്കാട്: ഭർത്താവുമായുള്ള തർക്കത്തിൽ കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വല്ലപ്പുഴ സ്വദേശിനി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (8) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് വിവരം.

ഭർത്താവ് പ്രദീപ്‌ ജോലി സംബന്ധമായി വടകരയിലാണ് താമസം. രണ്ടുമാസം കൂടുമ്പോൾ മാത്രമേ നാട്ടിൽ വരാറുള്ളൂ. ഇന്നു പുലർച്ചെ ഫോണിൽ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെ പുലർച്ചെ 2.30ഓടെ ബീന കിടപ്പുമുറിയിൽ കയറി തീകൊളുത്തുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ വീടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ വച്ചായിരുന്നു സംഭവം. ഈ സമയം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾക്കും പൊള്ളലേൽക്കുകയായിരുന്നു. മൂന്നു പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബീനയുടെ ജീവൻ രക്ഷിക്കാനായില്ല.

മകൾ നിഖയ്ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരുക്ക് ഗുരുതരമല്ല. ബീനയുടെയും പ്രദീപിന്റെയും പ്രണയവിവാഹമായിരുന്നു. പ്രദീപിന്റെ അച്ഛൻ രാമനും അമ്മ ചന്ദ്രമതിയും അനിയൻ പ്രജിത്തും ഭാര്യ സ്നേഹയും ഈ വീട്ടിൽ തന്നെയാണ് താമസം. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read also :മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് ആൺസുഹൃത്ത്: ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ്

Latest News