തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലേക്ക്. 15 ന് കുന്നംകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി പങ്കെടുക്കും. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പ് നൽകിയതായാണ് വിവരം.
ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്ത് 15 ന് രാവിലെ 11 ന് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക. നേരത്തെ കരുവന്നൂർ തട്ടിപ്പ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിക്കാട്ടാനും പ്രധാനമന്ത്രിയെ ഇരിങ്ങാലക്കുടയിലെത്തിക്കാനും സംസ്ഥാന ബിജെപി ശ്രംമ നടത്തിയിരുന്നു. എന്നാൽ കരുവന്നൂര്‍ ആവശ്യത്തില്‍ പിഎംഒ മറുപടി നല്‍കിയില്ല. ഇരിങ്ങാലക്കുടയ്ക്ക് പകരം കുന്നംകുളത്തെ യോഗത്തിന് അനുമതി നല്‍കിയതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ സരസുവിന്റെ പ്രചരണാര്‍ത്ഥമാണ് പ്രധാനമന്ത്രിയെത്തുന്നത്. എസ്എഫ്ഐയ്ക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് പോരാടിയ ഒരാള്‍ എന്ന നിലയില്‍ ഡോ സരസുവിനോട് ബിജെപി ദേശീയ നേതൃത്വത്തിന് വലിയ താത്പര്യമാണുള്ളത്. ഇത് കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തുന്നത്.
വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കുന്ന മണ്ഡലമാണ് തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. അതിനാല്‍ മോദി തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തിനെത്താന്‍ സാധ്യത വളരെക്കൂടുതലാണ്. മുന്‍പ് ഗുരുവായൂരില്‍ പ്രധാനമന്ത്രിയെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നില്ലെന്നും തന്റെ മകളുടെ വിവാഹചടങ്ങിനായിരുന്നെന്നും സുരേഷ് ഗോപി മുന്‍പ് വ്യക്തമാക്കിയിരുന്നു.