ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷ പ്രീണനമാണ് പ്രകടന പത്രികയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. അങ്ങനെയാണ് മുസ്ലീം ലീഗിന്റെ താൽപര്യങ്ങൾ പത്രികയിൽ ഇടംപിടിച്ചതെന്ന് മോദി പറഞ്ഞു.
ഇന്ത്യാ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെയും കോൺഗ്രസിന്റെ പ്രകടന പത്രികയ്ക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. രാഷ്ട്ര നിർമാണത്തിനുള്ള ഒരു നിർദേശവും കോൺഗ്രസിന് സ്വന്തമായില്ലെന്നായിരുന്നു ഇന്നലെ മോദി വിമർശിച്ചത്. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പരിഹസിച്ചു.
മുസ്ലീംലീഗിന്റെ വിചാരധാരകള്‍ നിറഞ്ഞതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്നായിരുന്നു ഇന്നലെ ഉത്തര്‍പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദി ആരോപിച്ചത്. ഇതിനുതുടര്‍ച്ചയായാണ് വീണ്ടും കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ മോദി വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യസമര കാലത്തെ മുസ്ലീംലീഗിന്റെ ആശയങ്ങള്‍ക്ക് സമാനമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നായിരുന്നു മോദിയുടെ വിമര്‍ശനം.
പശ്ചിമബംഗാളില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷ വിമര്‍ശനം നടത്തി. ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ തൃണമൂൽ കോൺഗ്രസ് പൂർണ പരാജയം എന്ന് മോദി പറഞ്ഞു. ടിഎംസിക്ക് അവരുടെ അഴിമതിക്കാരായ നേതാക്കളുടെ അക്രമത്തിനെല്ലാം ലൈസൻസ് വേണം. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ വരുമ്പോൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ബംഗാളിലെ ജൽപായ്ഗുരിയിലെ റാലിയിലാണ് പരാമർശം.