മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കായി 25 പന്തില്‍ 71 റണ്‍സടിച്ച ട്രൈസ്റ്റൻ സ്റ്റബ്സും 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായും പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ഡിസിക്ക് തുടക്കത്തിലേ ഓസീസ് താരം ഡേവിഡ് വാർണറിനെ(10) നഷ്ടമായി. റൊമേരിയോ ഷപ്പേർഡിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യ പിടിച്ചാണ് താരം മടങ്ങിയത്. എന്നാൽ പ്രിഥ്വിഷായും അഭിഷേക് പൊരേലും ചേർന്ന് സ്‌കോറിംഗ് മുന്നോട്ട് കൊണ്ടുപോയി. 40 പന്തിൽ 66 റൺസെടുത്ത പൃഥ്വിഷായെ അത്യുജ്ജ്വ യോർക്കറിൽ ജസപ്രീത് ബുംറ പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ റിഷഭ് പന്ത്(1), അക്‌സർ പട്ടേൽ(8), ലളിത് യാദവ്(3), കുമാർ കുശാഗ്ര(0), ജെയ് റിച്ചാർഡ്‌സൺ(2) എന്നിവരെല്ലാം വേഗത്തിൽ കൂടാരം കയറിയതോടെ ഡൽഹി തോൽവിയിലേക്ക് കൂപ്പുകുത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ്ക്ക് മിന്നല്‍ വേഗത്തിലുള്ള തുടക്കമാണ് ഇഷാന്‍ കിഷന്‍ 42(23), രോഹിത് ശര്‍മ്മ 49(27) സഖ്യം നല്‍കിയത്. ഏഴ് ഓവറില്‍ 80 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. അഞ്ച് സിക്‌സും പത്ത് ഫോറും ഇരുവരും ചേര്‍ന്ന് പറത്തി. പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് 0(2) തിരിച്ചുവരവില്‍ നിരാശപ്പെടുത്തി.
തിലക് വര്‍മ്മ 6(5) പെട്ടെന്ന് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 39(33) ടിം ഡേവിഡ് 45*(21) എന്നിവര്‍ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ അവസാന ആവറില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 10 പന്തില്‍ 39* റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡ് വിശ്രൂപം പുറത്തെടുത്തപ്പോള്‍ മുംബയ് 20 ഓവറില്‍ 234ന് അഞ്ച് എന്ന പടുകൂറ്റന്‍ സ്‌കോറില്‍ എത്തിയിരുന്നു.
ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.