ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ പിന്മാറുന്ന കാര്യത്തെകുറിച്ച് രാഹുല്‍ ഗാന്ധി ആലോചിക്കണമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ ശരിയായി നയിക്കാൻ കഴിയാഞ്ഞിട്ടും, അതിൽ നിന്ന് മാറി നിൽക്കാനോ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇത് ജനാധിപത്യപരമല്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസുമായി പ്രശാന്ത് കിഷോർ ഒരിക്കൽ കൈകോർത്തിരുന്നുവെങ്കിലും നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു പിൻവാങ്ങിയിരുന്നു.
‘‘കഴിഞ്ഞ 10 വർഷമായി വിജയമൊന്നും നേടാനാകാതെ അതേ ജോലി തന്നെയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെങ്കിൽ ഒരു ഇടവേള എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. നിങ്ങളുടെ അമ്മ അത് ചെയ്തിട്ടുണ്ട്.’’– രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് പാർട്ടി ചുമതലകൾ നരസിംഹ റാവുവിനെ ഏൽപ്പിച്ച് സോണിയ ഗാന്ധി മാറിനിന്നത് ചൂണ്ടിക്കാട്ടി പ്രശാന്ത് അഭിപ്രായപ്പെട്ടു.
‘‘എന്താണു കുറവെന്നു കണ്ടെത്തി നികത്തുന്നതാണു നല്ല നേതാവിന്റെ ലക്ഷണം. എന്നാൽ രാഹുലിന്റെ ധാരണ അദ്ദേഹത്തിന് എല്ലാം അറിയാമെന്നാണ്. നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെന്ന് സ്വയം ബോധ്യപ്പെട്ടില്ലെങ്കിൽ ആർക്കും നിങ്ങളെ സഹായിക്കാനാകില്ല.’’– അദ്ദേഹം പറഞ്ഞു.
2019 ലെ ലോക്സഭാ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവക്കാന്‍ തീരുമാനിച്ച രാഹുല്‍ തനിക്ക് പകരം മാറ്റാരെയെങ്കിലും ഈ പണി ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പറഞ്ഞതിന് വിപരീതമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാനാവുന്നില്ലെന്ന് സ്വകാര്യമായി സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.