യാഷ് താക്കൂറിന് അഞ്ചുവിക്കറ്റ്‌; ഗുജറാത്തിനെ എറിഞ്ഞിട്ട് ലഖ്നൗ

ലഖ്നൗ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ എറിഞ്ഞു വീഴ്ത്തിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് 33 റണ്‍സിന്‍റെ തകര്‍പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ164 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചതെങ്കിലും അഞ്ച് വിക്കറ്റെടുത്ത പേസര്‍ യാഷ് താക്കൂറിനും മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യക്കും മുന്നില്‍ അടിതെറ്റിയ ഗുജറാത്തിന് 18.5 ഓവറില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

31 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ലഖ്നൗവിനായി യാഷ് താക്കൂർ നാലും ക്രുനാല്‍ പാണ്ഡ്യ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജി നിശ്ചിത 20 ഓവറിൽ 163-5 എന്ന സ്‌കോർ പടുത്തുയർത്തി. ഓസ്‌ത്രേയിലൻ താരം മാർക്കസ് സ്‌റ്റോയിനിസ് 43 പന്തിൽ 58 റൺസുമായി ടോപ്‌സ്‌കോററായി. നിക്കോളാസ് പുരാൻ 22 പന്തിൽ 32, ക്യാപ്റ്റൻ കെഎൽ രാഹുൽ 31 പന്തിൽ 32 എന്നിവരും പിന്തുണ നൽകി. ലഖ്നൗ തട്ടകമായ എകാന സ്റ്റേഡിയത്തിലെ പിച്ചിൽ തുടക്കം മുതൽ റൺസ് നേടാൻ ആതിഥേയർ പ്രയാസപ്പെട്ടു. ആദ്യ ഓവറിൽതന്നെ ക്വിന്റൺ ഡികോക്കിനെ (6) നഷ്ടമായി. ദേവ്ദത്ത് പടിക്കൽ(7) ഒരിക്കൽകൂടി പരാജയപ്പെട്ടു. തുടർന്ന് ഒത്തുചേർന്ന രാഹുൽ-സ്റ്റോയിനിസ് കൂട്ടുകെട്ടാണ് സ്‌കോർ മുന്നോട്ട് നയിച്ചത്.

ഗുജറാത്തിനായി ഉമേഷ് യാദവും ദർശൻ നാൽകണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മികച്ച രീതിയിലാണ് തുടങ്ങിയത്. പവര്‍ പ്ലേയുടെ അവസാന പന്തിലാണ് ആദ്യ വിക്കറ്റ് വീണത്. 21 പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ യഷ് ഠാക്കൂറിന്റെ പന്തില്‍ പുറത്തായി. പവര്‍ പ്ലേയില്‍ 54 റണ്‍സാണ് ഗുജറാത്ത് നേടിയത്. ഓപ്പണര്‍ സായ് സുദര്‍ശന്റെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച തുടക്കം സമ്മാനിച്ചത്.

5.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 54 എന്ന നിലയിലായിരുന്ന ഗുജറാത്ത്, തുടര്‍ന്നുള്ള മൂന്നോവറുകളില്‍ ഏഴ് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ കളഞ്ഞു. 54-ല്‍ പൂജ്യം ആയിരുന്ന ടീം അങ്ങനെ 61-ല്‍ നാല് എന്ന നിലയിലേക്ക് വീണുപോയി. അതോടെ ഗുജറാത്തിന്റെ ജയപ്രതീക്ഷകളും അസ്തമിച്ചു. രവി ബിഷ്‌ണോയുടെ പന്തില്‍ രവിതന്നെ കിടിലന്‍ ക്യാച്ചെടുത്ത് കെയിന്‍ വില്യംസണെ രണ്ടാമതായി മടക്കി. ഒരു റണ്ണാണ് വില്യംസന്‍ നേടിയത്. പിന്നാലെ സായ് സുദര്‍ശനെ രവി ബിഷ്‌ണോയ്‌യുടെ കൈകളിലേക്ക് നല്‍കി ക്രുണാല്‍ പാണ്ഡ്യയും വിക്കറ്റ് നേടി. 21 പന്തില്‍ 31 റണ്‍സാണ് സുദര്‍ശന്റെ സമ്പാദ്യം.

തുടര്‍ന്ന് ശരത് ബി.ആറിനെയും (2) ദര്‍ശന്‍ നാല്‍ക്കണ്ഡെയെയും (11 പന്തില്‍ 12) ക്രുണാല്‍ പാണ്ഡ്യ മടക്കി. ടീം സ്‌കോര്‍ 93-ല്‍ നില്‍ക്കേ, വിജയ് ശങ്കറിനെയും (17 പന്തില്‍ 17) റാഷിദ് ഖാനെയും (പൂജ്യം) മടക്കി യഷ് ഠാക്കൂര്‍ കളിയില്‍ ലഖ്‌നൗവിന് സമ്പൂര്‍ണ ആധിപത്യം നല്‍കി. എട്ടാമതായി ഉമേഷ് യാദവും (2) വീണു. നവീനുല്‍ ഹഖിന് വിക്കറ്റ്. രാഹുല്‍ തെവാട്ടിയയും (25 പന്തില്‍ 30) നൂര്‍ അഹ്‌മദും (4) താക്കൂറിന്റെ പന്തുകളില്‍ മടങ്ങിയതോടെ ഗുജറാത്ത് പതനം പൂര്‍ണമായി. താക്കൂറിന് അഞ്ച് വിക്കറ്റ് നേട്ടത്തിലെത്താനുമായി.

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പിന്തള്ളി ലഖ്നൗ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സും രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണുള്ളത്. തോറ്റെങ്കിലും ഗുജറാത്ത് മുംബൈക്ക് മുന്നില്‍ ഏഴാം സ്ഥാനത്താണ്.