ലോക്സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് 20മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. മുമ്പ് നടത്തിയ സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.

20 മണ്ഡലങ്ങളിലായി നിലവിൽ 204 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 290 സ്ഥാനാര്‍ത്ഥികളാണ് ആദ്യം പത്രികകൾ നൽകിയിരുന്നത്. 14പേരുമായി കോട്ടയമാണ് സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോടും തിരുവനന്തപുരവുമാണ് രണ്ടാമത്. രണ്ടുമണ്ഡലത്തിലും 13 പേർ മത്സരരംഗത്തുണ്ട്. കണ്ണൂരും ചാലക്കുടിയിലും കൊല്ലത്തും 12 പേരും ആലപ്പുഴ, പാലക്കാട്, വടകര മണ്ഡലങ്ങളിൽ 11 പേരും മത്സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ഉള്ളത് ആലത്തൂരാണ്. ആകെ 5പേരാണ് ഇവിടെ നാമനിർദേശപത്രിക നല്‍കിയിരിക്കുന്നത്. തിരെഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ മത്സരംഗം കൂടുതൽ ചൂട് പിടിക്കും.

Read also: ഐസിയു പീഡന കേസ്: നഴ്സിം​ഗ് ഓഫീസർ അനിതയുടെ കോടതിയലക്ഷ്യ ഹർജി ഇന്ന് പരി​ഗണിക്കും