തിരുവനന്തപുരത്ത് ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; 2 യുവാക്കൾ മരിച്ചു; ഒരാൾക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ സാജിർ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ ഉണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍(19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.