വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മാതാപിതാക്കൾ സി.ബി.ഐക്ക് മൊഴി നൽകും. ഇതിനായി മാതാപിതാക്കളും അടുത്ത ബന്ധുക്കളും വയനാട്ടിലെത്തും. ചൊവ്വാഴ്ച വിവരശേഖരണത്തിനായി വൈത്തിരി ഗവ. റെസ്റ്റ് ഹൗസ് ക്യാമ്പ് ഓഫിസിലെത്താനാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. സി.ബി.ഐയുടെ ഡൽഹി യൂനിറ്റിലെ എസ്.പി സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് ശനിയാഴ്ച വയനാട്ടിലെത്തി അന്വേഷണം ആരംഭിച്ചത്. മലയാളികളായ നാലു ഉദ്യോഗസ്ഥർകൂടി ഉടൻ സംഘത്തിൽ ചേരും.
കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരാഴ്ച സി.ബി.ഐ സംഘം വയനാട്ടില്‍ ഉണ്ടാകുമെന്നാണ് സൂചന. വെറ്ററിനറി സർവകലാശാല ഹോസ്റ്റല്‍, സിദ്ധാർഥൻ ആള്‍ക്കൂട്ട വിചാരണ നേരിട്ട കുന്നിന്‍പുറം തുടങ്ങിയ സ്ഥലങ്ങള്‍ ഇവർ സന്ദര്‍ശിക്കും.
read more : തിരുവനന്തപുരത്ത് ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; 2 യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
അടുത്ത ദിവസം തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാം വർഷ വിദ്യാർഥിയായ നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ മൂന്നുദിവസത്തെ ക്രൂര പീഡനങ്ങൾക്കൊടുവിൽ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കൊന്നു കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.