ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനുവേണ്ടി 150 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായി ജസ്പ്രീത് ബുംറ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനുവേണ്ടി 150 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായി ജസ്പ്രീത് ബുംറ. ഞായറാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന മത്സരത്തിലാണ് ബുംറ ഈ നേട്ടം കൊയ്തത്. മത്സരത്തിന് മുന്‍പേ 148 വിക്കറ്റുകളായിരുന്നു ബുംറയ്ക്ക്. ഞായറാഴ്ച ഡല്‍ഹിയുടെ രണ്ട് പേരെ മടക്കിയയച്ചതോടെ മുംബൈക്കുവേണ്ടി ബുംറ 150 വിക്കറ്റ് തികച്ചു.

ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ, അഭിഷേക് പൊരേല്‍ എന്നിവര്‍ ബുംറയുടെ പന്തിലാണ് പുറത്തായത്. മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ ബുംറ 22 റണ്‍സ് വഴങ്ങി. അതേസമയം മുംബൈക്ക് വേണ്ടി 150 വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് ബുംറ. നേരത്തേ ശ്രീലങ്കയുടെ ലസിത് മലിംഗ ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരെയ്‌നും 150 വിക്കറ്റ് നേടിയിട്ടുണ്ട്. ഐ.പി.എലിന്റെ ചരിത്രത്തില്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും പിറകിലായി മൂന്നാമതാണ് ബുംറ.

മുംബൈക്കുവേണ്ടി 170 വിക്കറ്റുകളാണ് മലിംഗ നേടിയതെങ്കില്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി 166 വിക്കറ്റുകളാണ് നരെയ്ന്‍ നേടിയത്. ബുംറയ്ക്ക് പിറകിലായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറുണ്ട്. 147 വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയത്. 139 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചാഹലും 127 വിക്കറ്റുമായി ഹര്‍ഭജന്‍ സിങ്ങും 126 വിക്കറ്റുമായി രവീന്ദ്ര ജഡേജയും പിറകിലുണ്ട്.