ആന്ധ്രയിൽ തൊലി കറുത്തതിൻ്റെ പേരിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് വിഷം നൽകി കൊലപ്പെടുത്തി

അമരാവതി: ആന്ധ്രാപ്രദേശിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. കുഞ്ഞിന്റെ തൊലി കറുത്തതാണ് എന്നതിന്റെ പേരിലാണ് വിഷം നൽകിയത്. പ്രസാദത്തിൽ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപാതകം. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു.

മാര്‍ച്ച് 31നാണ് 18 മാസം പ്രായമുള്ള അക്ഷയ എന്ന കുട്ടിയെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിൽ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കൊടുത്തത് മറച്ചുവച്ച മഹേഷ് കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന് ബന്ധുക്കളോട് പറയാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു.

read more : പാനൂര്‍ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ ഭാരവാഹി സാമൂഹ്യപ്രവർത്തകൻ : എം.വി ഗോവിന്ദന്‍

കുഞ്ഞ് കറുത്തതായതിന്റെ പേരിൽ മഹേഷ് ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നു. കുഞ്ഞിനെ പരിചരിക്കാനും അനുവദിക്കാറില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ നിര്‍ബന്ധിച്ച് കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയെന്നും പൊലീസ് പറഞ്ഞു.