നത്തിങ്ങിന്റെ രണ്ട് പുതിയ ഇയര്‍ബഡുകൾ ഈ മാസം വിപണിയില്‍ അവതരിപ്പിക്കും. നത്തിങ് ഇയര്‍, നത്തിങ് ഇയര്‍ (എ) എന്നിവയാണ് ഏപ്രില്‍ 18-ന് ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
2021-ല്‍ ‘ഇയര്‍ 1’ എന്ന പേരില്‍ ഒരു വയര്‍ലെസ് ഇയര്‍ഫോണ്‍ അവതരിപ്പിച്ചാണ് നത്തിങ് രംഗപ്രവേശം ചെയ്തത്. ശേഷം 2022-ല്‍ നത്തിങ് ഫോണ്‍ 1 പുറത്തിറക്കി. അതേ വര്‍ഷം നത്തിങ് ഇയര്‍സ്റ്റിക്ക് അവതരിപ്പിച്ചു. 2023-ല്‍ നത്തിങ് ഇയര്‍ 2 ഹെഡ്‌സെറ്റും അവതരിപ്പിച്ചു.
ഈ ശ്രേണിയിലേക്കാണ് പുതിയ ഇയര്‍ഫോണുകള്‍ എത്തുന്നത്. അതേസമയം, ഇയര്‍ഫോണുകള്‍ക്ക് പേര് നല്‍കുന്ന രീതിയില്‍ നത്തിങ് മാറ്റംവരുത്തി. പഴയ രീതിയിലാണെങ്കില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നവയ്ക്ക് നത്തിങ് ഇയര്‍ 3 എന്ന പേരാണ് നല്‍കേണ്ടത്. ആ രീതി ഒഴിവാക്കുകയാണ് കമ്പനി.
പതിവ് ശൈലിയില്‍ വെള്ളനിറത്തിലുള്ള ഇയര്‍ഫോണിന്റെ സ്‌റ്റെമ്മിന്റെ ഒരു ഭാഗത്തിന്റെ ചിത്രം മാത്രമാണ് നത്തിങ് പുറത്തുവിട്ടിട്ടുള്ളത്. ഇതില്‍നിന്ന് ഇയര്‍ഫോണിന്റെ ഡിസൈന്‍ എങ്ങനെയുള്ളതാണെന്ന് പറയാനാവില്ല. ഡിസൈനിലും ഫീച്ചറുകളിലും പുതുമകളുമായിട്ടാവും ഇവ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
നത്തിങ് ഇയര്‍ 2-ന്റെ പിന്‍ഗാമി ആയിരിക്കും നത്തിങ് ഇയര്‍ എന്ന് പ്രതീക്ഷിക്കുന്നു. 10,000 രൂപയോളം വില പ്രതീക്ഷിക്കാം. നത്തിങ് ഇയര്‍ (എ) താരതമ്യേന വില കുറഞ്ഞ പതിപ്പായിരിക്കും. എന്തായാലും അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇയര്‍ഫോണുകളുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്ന കൂടുതല്‍ ടീസറുകള്‍ കമ്പനി പുറത്തുവിട്ടേക്കും.