തടി കുറഞ്ഞില്ലേലും കുഴപ്പമില്ല ഈ വയറൊന്നു കുറഞ്ഞു കിട്ടിയാൽ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. കുറുക്കു വഴികൾ പലതുമുണ്ടെങ്കിലും ചിട്ടയായ ജീവിത ശൈലി പരിശീലിക്കുന്നത് നന്നായിരിക്കും. വയറിലടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ കളയാൻ സഹായിക്കുന്ന ഒന്നാണ് ഏലയ്ക്ക
നമ്മൾ എല്ലാവരും ചായയുടെ കൂടെയോ അല്ലാതെയോ ഏലയ്ക്ക കഴിക്കാറുണ്ട്. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടോ മൂന്നോ ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.
വായ്നാറ്റം അകറ്റാം
ഏലയ്ക്കയിൽ ആൻറി ബാക്ടീരിയൽ സംയുക്തങ്ങളുടെ വലിയ ശേഖരം അടങ്ങിയിരിക്കുന്നു. വായയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായിൽ പുതുമയാർന്ന സുഗന്ധം പകരാനും, വായ്നാറ്റം ഒഴിവാക്കുവാനും സഹായിക്കും.
വിളർച്ച തടയാം
ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം കൂടിയാണിത്. ഇത് ശരീരത്തിലെ കോശങ്ങളിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.
കൊഴുപ്പിനെ നീക്കാം
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏലം പതിവായി കഴിക്കുന്നത് വഴി ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ചുമ, ജലദോഷം അകറ്റാം
ചുമ, ജലദോഷംസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ
ഏലയ്ക്കയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഡൈയൂററ്റിക് ഗുണങ്ങളും രക്തസമ്മർദ്ദമുള്ളവരെ സഹായിക്കുന്നവയാണ്. ഏലയ്ക്ക സാധാരണ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു. ഡൈയൂററ്റിക് ഗുണം ഉള്ളതിനാൽ, ഭക്ഷണത്തിൽ ഏലയ്ക്ക പതിവായി ഉപയോഗിക്കുന്നത് അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഏലയ്ക്കയിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ദൈനംദിന ജീവിതചര്യയിൽ ഏലയ്ക്ക എങ്ങനെ ഉപയോഗിക്കാം
- തിളച്ച വെള്ളത്തിൽ കുറച്ച് ഏലയ്ക്ക കുരുക്കൾ ഇട്ട് കുടിക്കാം
- ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കാം
- നല്ല ഉറക്കം ലഭിക്കാൻ, നിങ്ങളുടെ ഉറക്കസമയത്ത് പാലിൽ ഒരു നുള്ള് വീതം ഏലയ്ക്കയും മഞ്ഞളും കുരുമുളകും യോജിപ്പിച്ച് കുടിക്കാം.
- ഹൽവ, പായസം തുടങ്ങിയവയിലും മധുരപലഹാരങ്ങളിലും ചേർത്ത് ഉപയോഗിക്കാം.
- ജലദോഷം, പനി എന്നിവയുടെ ചികിത്സയ്ക്കും സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക.