തെരെഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കുമ്പോൾ വോട്ട് തേടിയുള്ള സ്ഥാനാർത്ഥികളുടെയും അവർക്കുവേണ്ടി വോട്ട് അഭ്യര്ഥിക്കുന്ന പാർട്ടി നേതാക്കന്മാരുടെയും വിശേഷങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഇത്തരത്തിൽ കാസർഗോഡ് യുഡിഎഫ് സ്ഥാനാർഥി എംപി രാജ്മോഹൻ ഉണ്ണിത്താന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുസ്ലിങ്ങളുടെ വോട്ട് വേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
“കാന്തപുരത്തിന്റെ വോട്ടും മുസ്ലിംസിന്റെ വോട്ടും എനിക്ക് വേണ്ട എനിക്ക് ബിജെപിയുടെ വോട്ട് മാത്രം മതി “…എന്താണ് ഈ പ്രസ്താവനക്ക് പിന്നിൽ എന്ന് പരിശോധിക്കാം.
2020ൽ നടന്ന ഒരു ചാനൽ ചർച്ചയിൽ നിന്നുള്ള വിഡിയോയുടെ ഭാഗം ചേർത്താണ് പോസ്റ്റ് പ്രചരിക്കുന്നത്. ഫോണിലൂടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി സംസാരിക്കുന്നത്. സ്ക്രീനിന്റെ മറ്റൊരു വശത്ത് ‘RGCBയുടെ പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറിന്‍റെ പേര് നൽകി’ എന്ന് എഴുതിയിട്ടുമുണ്ട്. ഈ വിവരങ്ങളൊക്കെ ചേർത്ത് നടത്തിയ അന്വേഷണത്തിൽ 2020 ഡിസംബർ 5ന് ചാനൽ അവരുടെ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത ചർച്ചയുടെ വിഡിയോ ലഭിച്ചു.
“ഗോള്‍വാള്‍ക്കറിന്‍റെ പേര്; കൊമ്പുകോര്‍ത്ത് ടി.ജി മോഹന്‍ദാസും ഉണ്ണിത്താനും” എന്ന തലകെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘രാജ്മോഹൻ ഉണ്ണിത്താന് ഹിന്ദു എന്ന് കേട്ടാൽ വെറുപ്പ് തോന്നിയത് കാസർഗോഡ് നിന്നും ജയിച്ചതുകൊണ്ടാണോ’ എന്ന ബിജെപി നേതാവ് ടിജി മോഹൻദാസിന്റെ ചോദ്യത്തിന് രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ മറുപടിയാണ് വീഡിയോയിലുള്ളത്. ഈ വിഡിയോയിൽ നിന്നും 17 സെക്കന്റ് മാത്രമുള്ള ഭാഗം അടർത്തിയെടുത്താണ് പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്.
‘കാസർഗോഡ് ബിജെപിക്ക് അതിശക്തമായ വേരോട്ടമുള്ള ജില്ലയാണ്. ബിജെപിക്കാരും കൂടി വോട്ട് ചെയ്തിട്ടാണ് ഞാൻ അവിടെ ജയിച്ചത്. മുസ്ലിങ്ങൾ വോട്ട് ചെയ്തിട്ടല്ല. മാർക്സിസ്റ്റുകർ വോട്ട് ചെയ്തു. 40438 വോട്ടിന്റെ ഭൂരിപക്ഷം എനിക്ക് കിട്ടി’ എന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നുണ്ട്.
ഇതിന് ശേഷമാണ് വൈറൽ വീഡിയോയിൽ കാണുന്ന ഭാഗം വരുന്നത്. കോൺഗ്രസ് തോറ്റ സീറ്റിൽ ജയിക്കാനും കൂടുതൽ ഭൂരിപക്ഷം നേടാനുമായി ബിജെപി, സിപിഎം വോട്ടുകൾ കിട്ടിയെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. പ്രസ്തുത ചാനലിന്റെ യൂട്യൂബ് പേജിൽ പ്രസിദ്ധീകരിച്ച 4 മിനുറ്റ് 52 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലെ 4 മിനുറ്റ് 08 സെക്കന്റ് മുതലുള്ള ഭാഗം മാത്രമെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇതിൽ നിന്നും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നതുപോലെ രാജ്മോഹൻ ഉണ്ണിത്താൻ മുസ്ലിംസിന്റെ വോട്ട് വേണ്ട എന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ല എന്ന് വ്യക്തമാണ്.