അബുദാബി: റമസാനിൽ വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. ഒംസിയാത്ത് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത വിഭാഗങ്ങളിൽ നിന്ന് 200 നേതാക്കൾ പങ്കെടുത്തു. വിശ്വാസം, സൗഹൃദം, ഐക്യം എന്നീ ലക്ഷ്യങ്ങളോടെയാണ് ഒംസിയാത്ത് സംഘടിപ്പിച്ചതെന്ന് ബിഎപിഎസ് ക്ഷേത്രം പ്രതിനിധികൾ പറഞ്ഞു
സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ, വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, കമ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖെയ്‌ലി, ഏബ്രഹാമിക് ഫാമിലി ഹൗസിനെ പ്രതിനിധീകരിച്ച് റബ്ബി ജെഫ് ബെർഗർ, റബ്ബി ലവി ഡച്ച്മാൻ, സിഎസ്ഐ സഭയിൽ നിന്ന് റവ. ലാൽജി എന്നിവരുൾപ്പെടെ പ്രധാന രാഷ്ട്രീയ, ആത്മീയ നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു. നാനാത്വത്തിൽ ഏകത്വം എന്നതു കേവലം തത്വമല്ല, കർമമാണെന്ന് റബ്ബി ജെഫ് ബെർഗർ പറഞ്ഞു. വിഭാഗീയതയും അസഹിഷ്ണുതയും സംഘർഷവും ഭീഷണി ഉയർത്തുന്ന ഈ കാലത്ത് ഹിന്ദു ക്ഷേത്രം പ്രതീക്ഷകളാണ് കൊണ്ടുവരുന്നതെന്ന് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ പറഞ്ഞു. സഹോദര്യത്തിന്റെ പുതിയ തലസ്ഥാനമായി അബുദാബി മാറിയെന്ന് ക്ഷേത്രം മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസ് പറഞ്ഞു.
Read also: യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്: 50 കുട്ടികൾക്ക് പുതുജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്