ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ജയിൽ കാ ജവാബ് വോട്ട് സേ’ എന്ന പുതിയ കാമ്പയിനുമായി എ.എ.പി

ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ മുദ്രാവാക്യവുമായി ആം ആദ്മി പാർട്ടി. ജയിലിന് മറുപടി വോട്ടിലൂടെ എന്നതാണ് പുതിയ കാമ്പയിൻ. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ബോണ്ട്‌ നൽകിയ കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയതായി സഞ്ജയ്‌ സിങ് എം.പി പറഞ്ഞു.

അഴികൾക്കുള്ളിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ചിത്രത്തോടെയാണ് പുതിയ കാമ്പയിന് ആംആദ്മി പാർട്ടി തുടക്കമിട്ടത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്ന ബി.ജെ.പി സർക്കാരിന്‍റെ ഇരയാണ് കെജ്‍രിവാൾ എന്ന ആശയം ഉയർത്തികാട്ടുകയാണ് പുതിയ പ്രചാരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Read more : കർണാടകയുടെ തീരപ്രദേശങ്ങളിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചു : ജാഗ്രതയോടെ പോലീസും,സുരക്ഷാസേനയും

ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ബോണ്ട്‌ നൽകിയ കമ്പനികളുടെ വെട്ടിപ്പ് എണ്ണിപ്പറഞ്ഞു സഞ്ജയ്‌ സിങ് എം.പി രംഗത്തിറങ്ങി. ബി.ജെ.പിക്ക് ബോണ്ട്‌ നൽകിയ കമ്പനികൾക്ക് കോടികളുടെ നിർമാണ കരാർ നൽകുകയാണ് നേരത്തെ ചെയ്തെങ്കിൽ നികുതി വെട്ടിപ്പിന് നേരെ കണ്ണടയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ബി.ജെ.പിക്ക് കോടിക്കണക്കിന് രൂപ സംഭാവന ചെയ്ത പല കമ്പനികളും ഒരു രൂപ പോലും നികുതി അടച്ചില്ല. ഈ കമ്പനികളെ പിടിക്കാതെ ഇ. ഡിയും സി.ബി.ഐയും എവിടെ പോയെന്നാണ് ആം ആദ്മി പാർട്ടിയുടെ ചോദ്യം. അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന രണ്ട് ഹരജികൾ തള്ളിയിട്ടും പുതിയവ വീണ്ടും സമർപ്പിക്കുന്നതിൽ ഡൽഹി ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.