ബൊചെ യാചക യാത്ര ആരംഭിച്ചു ഇന്ന് രാവിലെ 9 ന് തമ്പാനൂരിൽ നിന്ന്‌

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ ആവശ്യത്തിനായി അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൊചെ ഫാൻസ് മെമ്പേഴ്സിനോടൊപ്പം മോചനദ്രവ്യം സമാഹരിക്കുന്നതിനായി ഇന്ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻപിൽ നിന്ന് ബോചെ യാചക യാത്ര ആരംഭിച്ചു.

തുടർന്ന് കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകൾ, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് വരുകയാണ്. ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വാഹനങ്ങളിലും നല്‍കിയിട്ടുള്ള അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആര്‍ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാന്‍ ചെയ്യിച്ചും , പ്ലേ സ്‌റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യിച്ചും അബ്ദുൾ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യുന്നത്.

അതോടൊപ്പം ബോചെ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്ന സംഭാവനയും പ്രസ്തുത ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ്. സംഭാവനയായി നൽകപ്പെടുന്ന സംഖ്യ ബോചെ ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കോ അവരുടെ മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കോ സ്വീകരിക്കുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും ബോചെ നേരിട്ടോ അല്ലാതെയോ നടത്തുന്നതല്ലെന്നും അറിയിക്കുന്നു