Background for a hot summer or heat wave, orange sky with with bright sun and thermometer
ചൂടിന്റെ കാഠിന്യം ഇനിയും വര്‍ദ്ധിച്ചാല്‍ മരണം ഉറപ്പിച്ചിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധര്‍. സൂര്യന്റെ താപമേല്‍ക്കാന്‍ വിധിക്കുന്ന ഓരോരുത്തരും വളരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിക്കഴിഞ്ഞു. സൂര്യപ്രകാശം നേരിട്ട് കൊള്ളേണ്ടി വരുന്ന ജോലിക്കാരുടെ ജോലി സമയം ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ പ്രകൃതി ക്ഷോഭങ്ങളുടെ പട്ടികയിലേക്ക് സൂര്യാഘാത മരണങ്ങളെയും ഉള്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ടാകും. വീടിനുള്ളില്‍ നിന്നും വെറുതേ പോലും പുറത്തിറങ്ങരുത്. തിരിച്ചു കയറുമ്പോള്‍ പൊള്ളിപ്പോകും.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടും. തുടര്‍ന്ന് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം.
സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് താപശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതാപത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാന്‍, എയര്‍ കണ്ടീഷന്‍ എന്നിവ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ വേനല്‍ക്കാലത്തു പ്രത്യേകം ശ്രദ്ധിക്കണം. റോഡു പണിക്കാരുടെയും, വേസ്റ്റ് എടുക്കുന്ന ജീവനക്കാരുടെയും അവസ്ഥയാണ് പരിതാപകരം. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരും കഷ്ടത്തിലാണ്. മണിക്കൂറുകളോളം റോഡില്‍ നില്‍ക്കുകയോ, ജോലി ചെയ്യുകയോ വേണം. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്താന്‍ ഇടയാക്കും.