കണ്ണൂര്‍ : പാനൂർ ബോംബ് നിർമാണ കേസിൽ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയാണ് അറസ്റ്റ് ചെയ്തതതെന്ന് പൊലീസ്. ‘ജീവൻ രക്ഷാപ്രവർത്തനത്തിന്’ എത്തിയ ആളെ പൊലീസ് പിടികൂടിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ അറസ്റ്റിൽ മലക്കം പൊലീസ് മറിഞ്ഞത്.
കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതികൾ. ഇതിൽ ആറ് പേർ അറസ്റ്റിലായി. രണ്ട് പേർ ഒളിവിലാണ്. ഒളിവിലുളള ഡി.വൈ.എഫ്.ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിർമാണത്തിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. കുന്നോത്തുപറമ്പ് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ. അമൽ ബാബു, അതുൽ, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ യൂനിറ്റ് ഭാരവാഹികൾ.
ബോംബ് നിർമിച്ചവരും സഹായിച്ചവരും പ്രതിപ്പട്ടികയിലുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവും പിടിയിലായിട്ടുണ്ട്. ഇവർക്ക് ബോംബ് നിർമാണത്തെ കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് വിശദീകരിച്ചു.