തൃശൂർ: സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെറ്റായ നടപടിയാണ് ഇത് എന്ന് കത്തിൽ പറയുന്നു.
ആദായ നികുതി വകുപ്പിന്റെ നടപടി അപലപനീയമാണ്. ബാങ്ക് അകൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനും, ആദായ നികുതി വകുപ്പിനും നൽകിയതാണ്. കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിനെതിരായ മോദി സർക്കാരിന്റെ ആസൂത്രിത് നീക്കമാണിത്.
സമാനമായ മറ്റൊരു കേസിൽ ആദായ നികുതി വകുപ്പ് സുപ്രിംകോടതിയിൽ പറഞ്ഞത് തെരഞ്ഞെടുപ്പ് സമയത്തു അകൗണ്ട് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകില്ല എന്നായിരുന്നു. ഇത്തരം നടപടികൾ സ്വീകരിക്കുന്നതിനു മുന്നേ ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയോ എന്ന് അറിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സഹാചാര്യത്തിലെ ഇത്തരം നടപടികൾ സുതാര്യമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. ബിജെപി തൃശൂരിൽ മത്സരിക്കുന്നത് യാദൃശ്ചികമാണോ. ഭരണഘടനാ അനുചേദം 324പ്രകാരം തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത് വരെ നടപടികൾ നിർത്തിവെക്കാൻ ആദായ നികുതി വകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യം ഉന്നയിച്ചു.
തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം 10 കോടി രൂപയുണ്ടെന്നാണ് വെളിപ്പെടുത്തൽ. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതിൽ നിന്ന് ഒരു കോടി രൂപ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പിൻവലിച്ചെന്ന് കണ്ടെത്തി. സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ കർശന നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് പണം പിൻവലിച്ചത്. തുടർന്നാണ് പരിശോധന നടന്നത്.